കേരളത്തിന്റെ ദീര്‍ഘകാല ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഫ്‌ളോട്ടിംഗ് സോളാര്‍, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്തിന്റെ സവിശേഷമായ ഭൂമിശാസ്ത്രത്തിനും കാലാവസ്ഥാ സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ നൂതന പദ്ധതികളിലൂടെ മാത്രമേ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു. സ്ഥലലഭ്യതക്കുറവും കാലാവസ്ഥാ വ്യതിയാനവും കാരണം സൗരോര്‍ജ്ജ-കാറ്റാടി ഊര്‍ജ്ജ പദ്ധതികള്‍ വലിയ തോതില്‍ നടപ്പിലാക്കുന്നതില്‍ പരിമിതികളുണ്ട്. ഫ്‌ളോട്ടിംഗ് സോളാര്‍, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കമ്മ്യൂണിറ്റി തലത്തിലുള്ള ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങള്‍ എന്നിവ വികസിപ്പിക്കാനുള്ള സാധ്യതകള്‍ സംസ്ഥാനം പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ നിലവിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് ഏറ്റവും പ്രായോഗികമായ പരിഹാരമെന്ന നിലയില്‍ ഊര്‍ജ്ജ സംരക്ഷണം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാക്കണമെന്ന് ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയും കെഎസ്ഇബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ജി. രാജമാണിക്യം ഐ.എ.എസ്. പറഞ്ഞു. കൂടുതല്‍ ആളുകള്‍ പുരപ്പുറ സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവിനെക്കുറിച്ച് അവര്‍ക്ക് പലപ്പോഴും ധാരണയുണ്ടാകുന്നില്ല. ഉപഭോക്താക്കളെ വൈദ്യുതി ഉപഭോഗത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനും ഊര്‍ജ്ജ സംരക്ഷണത്തിന് ജനങ്ങളെ സജ്ജരാക്കുന്നതിനുമുള്ള ഒരു സംവിധാനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : sunny joseph on electricirty storage systems















