മാസപ്പടി കേസില്‍ ഇ.ഡിയുടെ ശുപാര്‍ശ പ്രകാരം മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്കു നിര്‍ദ്ദേശം നല്‍കി. സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാമെന്നാണ് അഡ്വക്കറ്റ് ജനറലിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശം. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 7, 13(1), 20(1) എന്നിവ പിണറായി വിജയനെതിരായ കേസില്‍ ബാധകമാക്കാം എന്നാണ് നിയമോപദേശത്തിലെ നിലപാട്. മൂന്നാം വ്യക്തി മുഖേനയോ മറ്റൊരാളുടെ പ്രയോജനത്തിനായോ കൈക്കൂലി സ്വീകരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നത് വകുപ്പ് ഏഴിന്റെ പരിധിയില്‍ വരാമെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിഎംആര്‍എല്ലില്‍ നിന്ന് വീണ വിജയനും എക്സാലോജിക് സൊല്യൂഷന്‍സിനും ലഭിച്ച പണം പിണറായി വിജയന് ലഭിച്ച കൈക്കൂലിയായി കണക്കാക്കാമെന്ന ഇഡിയുടെ ആരോപണവും നിയമോപദേശത്തില്‍ പരിഗണിച്ചിട്ടുണ്ട്. ഇന്‍കം ടാക്സ് സെറ്റില്‍മെന്റ് ബോര്‍ഡിന് മുമ്പാകെ സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍ ശശിധരന്‍ കര്‍ത്ത നല്‍കിയ മൊഴികളും ഇഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 20 പ്രകാരമുള്ള വ്യവസ്ഥയും ബാധകമാകാമെന്നാണ് നിയമോപദേശം. മുഹമ്മദ് റിയാസിനെതിരെയും അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം അന്വേഷണം നടത്താം. റിയാസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഇഡി റിപ്പോര്‍ട്ടിലെ മറ്റ് ആരോപണങ്ങളും അന്വേഷിക്കാവുന്നതാണെന്നും നിയമോപദേശത്തം ലഭിച്ചിരുന്നു. ഇഡി റിപ്പോര്‍ട്ടില്‍ ആവശ്യമായ തെളിവുകളുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ, ആവശ്യമെങ്കില്‍ പ്രാഥമിക അന്വേഷണം നടത്തുകയോ ചെയ്യാം. കേസ് രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികളില്‍ സര്‍ക്കാര്‍ അന്വേഷണത്തിനു ശേഷം തീരുമാനമെടുക്കും.
കേസില്‍ എഫ്.ഐ.ആര്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകാന്‍ സാധ്യതയുള്ളതിനാല്‍, നിയമപരമായ നടപടികള്‍ പാലിച്ചു എന്ന വരുത്തിത്തീര്‍ക്കാനും കേന്ദ്ര ഏജന്‍സിയുടെ ആരോപണങ്ങളില്‍ വാസ്തവമുണ്ടോ എന്ന് പ്രാഥമികമായി പരിശോധിക്കാനും വിജിലന്‍സ് തലത്തിലുള്ള പ്രാഥമിക അന്വേഷണം സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും രാഷ്ട്രീയ വേട്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ആക്ഷേപങ്ങളെ പ്രതിരോധിക്കാനുള്ള തയാറെടുപ്പുകളോടെയാകും സര്‍ക്കാര്‍ അന്വേഷണം നടത്തുക. പ്രതിപക്ഷത്തിന്റെ പങ്ക് വ്യക്തമാക്കാനും അന്വേഷണം നിഷ്പക്ഷമാണെന്ന് കാണിക്കാനും വേണ്ടിയുള്ള കൃത്യമായ തന്ത്രങ്ങളാണ് ആഭ്യന്തര വകുപ്പ് മെനയുന്നത്.
അതേസമയം, ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഒരു പ്രാഥമികാന്വേഷണത്തിലേക്ക് നീങ്ങുന്നതോടെ പ്രതിപക്ഷം വലിയ തോതില്‍ പ്രതിരോധം തീര്‍ക്കുമെന്നതില്‍ തര്‍ക്കമില്ല. അത് ഏതൊക്കെ തരത്തിലായിരിക്കുമെന്നതണ് അറിയേണ്ടത്. അന്വേഷണം രാഷ്ട്രീയായുധമാക്കാനാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇത് നേരത്തെ പ്രഖ്യാപിച്ചതുമാണ്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേന്ദ്ര ഏജന്‍സികള്‍ ആരോപണം ഉന്നയിക്കുന്നതെന്നും അതിന്മേല്‍ അന്വേഷണം നടത്തുന്നത് ശരിയല്ലെന്നുമുള്ള നിലപാടിലാണ് സി.പി.എം. എന്നാല്‍, ഇടതുപക്ഷത്തെ സി.പി.ഐ ഇതില്‍ മൗനം പാലിക്കുന്നുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്.
എന്നാല്‍, ഈ വിഷയത്തില്‍ നിശബ്ദമായി ഇരുന്നാല്‍, സി.പി.എമ്മിന് ഉയര്‍ന്നുവരാന്‍ കഴിയില്ലെന്നത് വസ്തുതയാണ്. അതിനാല്‍ പ്രതിഷേധവും പ്രതിരോധവും ഒരുപോലെ സൃഷ്ടിക്കാനുള്ള ഒരുക്കം തുടങ്ങും. വിശാല സംസ്ഥാന യോഗം പോലും പിണറായിയെയും റിയാസിനെയു സംരക്ഷിക്കാനുള്ള പ്രമേയം പാസാക്കലായി മാറിയിരുന്നു. അന്വേഷണം മുന്‍കൂട്ടി കണ്ടുള്ള നീക്കമായിരുന്നു വിശാല സംസ്ഥാന കമ്മിറ്റി എന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയുടെയും വര്ഗ ബഹുജന സംഘടനകളുടെയും പിന്തുണ ഉറപ്പിക്കു എന്നതായിരുന്നു ഇതിനു പിന്നില്‍. വരും ദിവസങ്ങളില്‍ സി.പി.എമ്മിന്റെ സംരക്ഷണ്തില്‍ പിണറായി വിജയനും മുഹമ്മദ് റിയാസും എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടതുണ്ട്.















