നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ ദീർഘകാലമായി കിടപ്പിലായിരുന്നു.
‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിൽ ജമീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി സാവിത്രി ശ്രീധരൻ മലയാളികളുടെ മനം കവർന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും നേടിയിരുന്നു.
നാടക വേദികളിലൂടെയാണ് സാവിത്രി ശ്രീധരനെ കലാസ്വാദകര്‍ ആദ്യം പരിചയപ്പെടുന്നത്. 1961 ലാണ് ആദ്യമായി നാടക വേദിയില്‍ എത്തുന്നത്. കെ ടി മുഹമ്മദിന്‍റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഓഫ് ഇന്ത്യ എന്നീ നാടക സമിതികളുടെ എണ്ണമറ്റ നാടകങ്ങളില്‍ കരുത്തുറ്റ കഥാപാത്രങ്ങളെ അവര്‍ അവതരിപ്പിച്ചു.
\1977 ലും 1993 ലും മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. അഞ്ച് പതിറ്റാണ്ടോളം പ്രൊഫഷണല്‍ നാടക വേദിയില്‍ സജീവമായിരുന്നു. എം ടി വാസുദേവന്‍ നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കടവ് എന്ന ചിത്രത്തിലൂടെയാണ് സാവിത്രി ശ്രീധരന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
വലിയങ്ങാടി, ഡാകിനി, മേരാ നാം ഷാജി, വൈറസ്, ഇട്ടിമാണി മേഡ് ഇന്‍ ചൈന, പപ്പന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.















