മലയാള സിനിമയുടെ കാരണവർ നടൻ മധുവിന് ഇന്ന് 93-ാം പിറന്നാൾ. ആറു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ നായകനായും സ്വഭാവനടനായും വില്ലനായും സംവിധായകനായും നിർമാതാവായും മധു മലയാള സിനിമയിൽ തന്റേതായൊരു അധ്യായം എഴുതിച്ചേർത്തു. 1933 സെപ്റ്റംബർ 23ന് തിരുവനന്തപുരത്ത് ജനിച്ച മാധവൻ നായരാണ് പിന്നീട് മലയാളികൾക്ക് പ്രിയപ്പെട്ട മധുവായത്.
ഇപ്പോഴിതാ മധുവിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് നടൻ മമ്മൂട്ടി. മധുവിന്റെ വലിയ ആരാധകൻ കൂടിയാണ് മമ്മൂട്ടി. ‘ഹാപ്പി ബർത്ത് ഡേ മൈ സൂപ്പർ സ്റ്റാർ’- എന്നാണ് മധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. മമ്മൂട്ടിയോടുള്ള സ്നേഹത്തെക്കുറിച്ച് അഭിമുഖങ്ങളിലുൾപ്പെടെ മധു വാചാലനാകാറുണ്ട്.
ഞാനിപ്പോഴും മധു സാറിന്റെ ആരാധകനാണ്. അദ്ദേഹമാണ് എന്റെ സൂപ്പർ സ്റ്റാർ എന്ന് മമ്മൂട്ടിയും പറയാറുണ്ട്. സിനിമാ പ്രവർത്തകരും ആരാധകരുമടക്കം നിരവധി പേരാണ് പിറന്നാൾ ആശംസകൾ നേരുന്നത്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കോളജ് അധ്യാപകന്റെ റോളില്‍ നിന്നും മധുവിനെ സ്‌കൂള്‍ ഓഫ് ഡ്രാമയിലെത്തിച്ചത്.
നസീറും സത്യനും വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നിരുന്ന സമയത്തായിരുന്നു മധുവിന്റെയും സിനിമയിലേക്കുള്ള രംഗപ്രവേശം. എംഎന്‍ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പ്പാടുകളായിരുന്നു ആദ്യ ചിത്രം. പന്ത്രണ്ടോളം സിനിമകള്‍ സംവിധാനം ചെയ്ത മധു പതിനാറോളം ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു.















