ഹ്രസ്വചിത്രം നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രശസ്ത ടിവി റിയാലിറ്റി ഷോ താരം നടി വർഷിണിയെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു.
പണം തിരികെ ചോദിച്ച പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയും വീണ്ടും പണവും ഫോണുകളും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിലാണ് നാടകീയമായി നടിയെയും സംഘത്തെയും പോലീസ് പിടികൂടിയത്.
ഹ്രസ്വചിത്രത്തിന്റെ നിർമ്മാണത്തിനായി 5 ലക്ഷം രൂപ വാങ്ങിയ ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും ജോലികൾ ആരംഭിച്ചില്ല. തുടർന്ന് പരാതിക്കാരനായ യുവാവ് പണം തിരികെ ആവശ്യപ്പെടുകയായിരുന്നു.
പണം തരാമെന്ന് പറഞ്ഞ് യുവാവിനെ വിളിച്ചുവരുത്തിയ നടി, ഇയാളെ ഭീഷണിപ്പെടുത്തുകയും പക്കലുണ്ടായിരുന്ന 50,000 രൂപയും രണ്ട് വിലകൂടിയ മൊബൈൽ ഫോണുകളും ബലമായി പിടിച്ചെടുക്കുകയും ചെയ്തു.
വഞ്ചന, പിടിച്ചുപറി തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തി വർഷിണിക്കുമെതിരെയും മറ്റ് മൂന്ന് പേർക്കുമെതിരെയും പോലീസ് കേസെടുത്തു. കേസിൽ ഉൾപ്പെട്ട ബാക്കി പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.















