മെസ്സിയുടെ പേരിലുള്ള തട്ടിപ്പില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അറസ്റ്റിന് നീക്കമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മത്സരത്തിനായി കലൂര്‍ സ്റ്റേഡിയം നവീകരിക്കാന്‍ ഡെപ്പോസിറ്റ് തുക നല്‍കാതെ അഞ്ച് കോടി രൂപ സര്‍ക്കാരിന്റെ പൊതുഖജനാവിന് നഷ്ടം വരുത്തിയെന്നാണ് കേസ്.
ഇതിനിടെ തട്ടിപ്പ് കേസില്‍ റെയ്ഡിനിടെ പ്രത്യേക അന്വേഷണ സംഘം ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത 6,200 ഡോളര്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന്‍ കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഈ തുക തിരികെ നല്‍കാന്‍ പൊലീസ് തയ്യാറായിട്ടില്ല. വിദേശപണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം വേണമെന്നാണ് പൊലീസിന്റെ നിലപാട്.
എസ്ഐടി പിടിച്ചെടുത്ത 6200 ഡോളറിന്റെ പൂര്‍ണ്ണ കസ്റ്റോഡിയന്‍ താനാണെന്നും അതില്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും അത് തനിക്ക് തന്നെ തിരികെ നല്‍കണമെന്നുമാണ് കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ആന്റോ അഗസ്റ്റിന്‍ ഉന്നയിച്ചിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രി വി.ഡി സതീശനെതിരായ അപകീര്‍ത്തി പരാമര്‍ശക്കേസില്‍ ആന്റോയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കോണ്‍ഗ്രസ് നേതാവ് രാജു പി. നായരുടെ പരാതിയിലാണ് പൊലീസ് ആന്റോക്കെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തില്‍ അപമാനിച്ചതിനാണ് കേസ്. ആന്റോ അഗസ്റ്റിന്‍ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.















