Kuwait

സ്വകാര്യ മേഖലയിലെ ശമ്പള വിതരണം നിരീക്ഷിക്കാൻ കുവൈത്ത്; പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിലവിൽ വന്നു

ഖത്തറിന് പിന്നാലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണം കൃത്യമായി നിരീക്ഷിക്കുന്നതിനായി കുവൈത്ത് പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ചു.

സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ നേതൃത്വത്തിൽ ‘കുവൈത്ത് വേജ് പേയ്‌മെന്റ് സിസ്റ്റം’ ആണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

സ്വകാര്യ സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് സമയബന്ധിതമായി വേതനം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സാമ്പത്തിക ഇടപാടുകളിൽ സുതാര്യത കൊണ്ടുവരാനുമാണ് ഈ പരിഷ്കാരം.

KWPS പ്ലാറ്റ്‌ഫോം വഴി ബാങ്കുകൾ മുഖേന തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് ശമ്പളം സുരക്ഷിതമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ സാധിക്കും. കുവൈത്തിലെ പൊതു തൊഴിൽ വകുപ്പിനാണ് ഈ സംവിധാനത്തിന്റെ മേൽനോട്ടച്ചുമതല നൽകിയിരിക്കുന്നത്.

സ്ഥാപനങ്ങൾ നിയമപ്രകാരം കൃത്യമായി ശമ്പളം നൽകുന്നുണ്ടോ എന്ന് തത്സമയം പരിശോധിക്കാൻ ഇതിലൂടെ അധികൃതർക്ക് കഴിയും.

മാനുവൽ രീതികളും പേപ്പർ വർക്കുകളും പൂർണ്ണമായും ഒഴിവാക്കി ബാങ്കിംഗ് സേവനങ്ങൾ ഡിജിറ്റലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.