പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം ഉറപ്പാക്കാന്‍ രാജ്യങ്ങളുടെ പരമാധികാരവും പരസ്പരം ആക്രമിക്കാതിരിക്കലും അടിസ്ഥാനമാക്കിയുള്ള പുതിയ പ്രാദേശിക സുരക്ഷാ ചട്ടക്കൂട് രൂപവത്കരിക്കണമെന്ന് ഖത്തര്‍. മേഖലയിലെ സ്ഥിരതക്കായി വാക്കുകള്‍ക്കപ്പുറം പ്രായോഗിക നടപടികളിലൂടെ പ്രതിബദ്ധത തെളിയിക്കാന്‍ ഇറാന്‍ തയാറാകണം. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ-ആശയവിനിമയ വകുപ്പ് ഡയറക്ടര്‍ ഇബ്രാഹിം അല്‍ ഹാഷിമിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാജ്യത്തിന്റെ പരമാധികാരവും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രതിരോധ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നത്.
ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തോടുള്ള പ്രതികരണമായല്ലെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്തെ സംഘര്‍ഷത്തില്‍ രാജ്യത്തിന് നേരെയുണ്ടായ എല്ലാ ആക്രമണങ്ങളെയും പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി നേരിട്ടു. ഇതുമൂലം രാജ്യത്തെ ജനജീവിതവും സാമ്പത്തിക ഇടപാടുകളും തടസ്സവുമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഗള്‍ഫിലെ സംഘര്‍ഷത്തിന് അയവുവരുത്താന്‍ ഖത്തറും പാകിസ്ഥാനും സൗദി അറേബ്യയോടും മക്ക സഖ്യത്തോടും ഒപ്പം ചേര്‍ന്ന് സംയുക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ സുരക്ഷാ ചട്ടക്കൂട് നടപ്പാക്കാന്‍ ഖത്തറും മറ്റ് ജി.സി.സി രാജ്യങ്ങളും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട തത്വങ്ങള്‍ പാലിച്ച് വിശ്വസ്ഥതയും സത്യസന്ധതയും പ്രകടിപ്പിക്കേണ്ടത് ഇറാന്റെ ചുമതലയാണ്. അയല്‍രാജ്യങ്ങള്‍ക്കെതിരായ ഭീഷണികള്‍ അവസാനിപ്പിക്കാനും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ഇറാന്‍ ക്രിയാത്മകമായി ഇടപെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മധ്യസ്ഥ ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി ഖത്തര്‍ പ്രതിനിധി സംഘം അടുത്തിടെ തെഹ്റാന്‍ സന്ദര്‍ശിച്ചിരുന്നു. ഈ ചര്‍ച്ചകള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നത്. അമേരിക്കയും ഇറാനും തമ്മില്‍ വാക്‌പോരുകള്‍ ഉണ്ടെങ്കിലും, ഇരുപക്ഷവും നയതന്ത്ര പരിഹാരത്തിന് പ്രാധാന്യം നല്‍കുന്നുണ്ട്. പ്രതിസന്ധി കൂടുതല്‍ വഷളാകാതിരിക്കാനും പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ ശാശ്വത പരിഹാരം കാണാനും ഖത്തറിന്റെ മധ്യസ്ഥതയില്‍ വാഷിംഗ്ടണും തെഹ്റാനും തമ്മിലുള്ള നയതന്ത്ര സന്ദേശങ്ങളും നിര്‍ദേശങ്ങളും തുടര്‍ച്ചയായി കൈമാറുന്നുണ്ടെന്നും ഇബ്രാഹിം അല്‍ ഹാഷിമി കൂട്ടിച്ചേര്‍ത്തു.















