മലയാളികളുടെ ഊണിന് തോരൻ ഇല്ലാതെ എന്ത് പൂർണ്ണത. പലവിധത്തിലുള്ള തോരനുകൾ നമ്മൾ കഴിക്കാറുണ്ടെങ്കിലും, കളയുന്ന കുമ്പളങ്ങയുടെ തൊലി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ തോരൻ പരിചയപ്പെടാം. ആരോഗ്യവും രുചിയും ഒരുപോലെ ഒത്തിണങ്ങിയ ഈ നാടൻ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
കുമ്പളങ്ങ തൊലി (അരിഞ്ഞത്): 1 കപ്പ്
സവാള: 1 ചെറിയത്
ചെറിയ ഉള്ളി: 6 എണ്ണം
വെളുത്തുള്ളി: 6 അല്ലി
പച്ചമുളക്: 2-3 എണ്ണം
കറിവേപ്പില: 2-3 തണ്ട്
തേങ്ങ ചിരവിയത്: 4 ടേബിൾസ്പൂൺ
വെളിച്ചെണ്ണ: 2 ടേബിൾസ്പൂൺ
ഉപ്പ്: 1/2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ
ചതച്ച മുളകുപൊടി: 1/2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം കുമ്പളങ്ങയുടെ തൊണ്ട് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. തുടർന്ന് ഇടി കല്ലിൽ ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചേർത്ത് നന്നായി ചതച്ചെടുക്കണം. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം ചതച്ചുവച്ച ചെറിയ ഉള്ളിയും വെളുത്തുള്ളിയും, ഒപ്പം പച്ചമുളകും കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ഇവ മൂത്തുവരുമ്പോൾ മഞ്ഞൾപ്പൊടിയും ചതച്ച മുളകുപൊടിയും ചേർത്ത് പച്ചമണം മാറുന്നതുവരെ മൂപ്പിക്കുക.
ശേഷം ചെറുതായി അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച കുമ്പളങ്ങ തൊണ്ടും അര ഗ്ലാസ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി അടച്ചുവെച്ച് വേവിക്കുക. കുമ്പളങ്ങ നന്നായി വെന്തുവരുമ്പോൾ ചിരകിയ തേങ്ങ ചേർത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യാവുന്നതാണ്. രുചികരവും ആരോഗ്യകരവുമായ നാടൻ കുമ്പളങ്ങ തോരൻ തയ്യാർ.















