കേന്ദ്രത്തിൽ ഭരണമാറ്റമല്ല തങ്ങളുടെ ലക്ഷ്യമെന്നും പകരം ഇലക്ഷൻ കമ്മീഷണറെ മാറ്റുകയാണ് ആവശ്യമെന്നും വ്യക്തമാക്കി സി.ജെ.പി നേതാവ് അഭിജീത് ദീപ്കെ. കേന്ദ്ര സർക്കാരിന്റെയും ഡൽഹി പോലീസിന്റെയും നിലപാടുകളെ ശക്തമായി വിമർശിച്ച അദ്ദേഹം, തനിക്കെതിരെ രഹസ്യാന്വേഷണ ഏജൻസികളുടെ കടുത്ത നിരീക്ഷണമുണ്ടെന്നും ഏതുനിമിഷവും ഡൽഹി പോലീസ് തന്നെ കസ്റ്റഡിയിലെടുത്തേക്കാമെന്നും ആരോപിച്ചു.
ദേശീയ പതാക ഉയർത്തുന്നവരെയും അത് കൈയിലേന്തുന്നവരെയും അറസ്റ്റ് ചെയ്യുന്ന ഡൽഹി പോലീസിന്റെ നിലപാടിനെ ശക്തമായി വിമർശിച്ചു.
നരേന്ദ്ര മോദിയുടെ റാലിയിലാണ് ത്രിവർണ്ണ പതാക വീശുന്നതെങ്കിൽ ആ റാലി പോലീസ് റദ്ദാക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം ചൂണ്ടിക്കാട്ടിയ ദീപ്കെ, രാജ്യത്ത് ദേശീയ പതാക ഉയർത്തുന്നവരെയാണ് ഭരണകൂടം തടവിലാക്കുന്നതെന്ന് കുറ്റപ്പെടുത്തി.
ന്യായമായ ആവശ്യങ്ങൾ കേൾക്കാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറാകുന്നില്ല. രാജ്യത്ത് നിലവിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അഭിജീത് ദീപ്കെ കൂട്ടിച്ചേർത്തു















