യുഎഇയിൽ ശരത്കാലം സജീവമായതോടെ തണുപ്പ് കൂടുതൽ കനക്കുന്നു. രാജ്യത്തെ താപനില വീണ്ടും താഴേക്ക് പതിച്ചതോടെ പുലർച്ചെകളിൽ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.
ഇന്ന് പുലർച്ചെ റാസൽഖൈമയിലെ മേബ്ര പർവതനിരകളിൽ 16.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു.
ഈ സീസണിൽ രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയാണിത്. മുൻപ് സെപ്റ്റംബർ 28-ന് അൽ ഐനിലെ റക്നയിൽ 18.6 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു.
അന്തരീക്ഷം കൂടുതൽ തെളിച്ചമുള്ളതും കുളിർമയുള്ളതുമായി മാറിയതോടെ ഔട്ട്ഡോർ വിനോദങ്ങൾക്കും യാത്രാ പരിപാടികൾക്കും മികച്ച സമയമാണ് ഒരുങ്ങിയിരിക്കുന്നത്.
അതിനിടെ, രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ചിലയിടങ്ങളിൽ നേരിയ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ താപനില ഇനിയും കുറയാനാണ് സാധ്യതയെന്നാണ് നിരീക്ഷണം.















