തേനി ആണ്ടിപെട്ടി ജില്ലാ ജയിലിൽ നിന്ന് ചാടിപ്പോയ പ്രതികൾക്കായി പൊലീസിന്റെ വ്യാപക തിരച്ചിൽ. ജയിലിൽ നിന്ന് രക്ഷപ്പെട്ട 17 വിചാരണ തടവുകാരിൽ 13 പേരെ ഇതിനോടകം പിടികൂടിയിട്ടുണ്ട്. ഇനി നാല് പേരെ മാത്രമാണ് കണ്ടെത്താനുള്ളത്.
ജയിലിന് സമീപത്തെ വനത്തിലും കേരളത്തിലേക്ക് കടക്കാനുള്ള സാധ്യത മുന്നിൽ കണ്ട് തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് ഒട്ടുമിക്ക പ്രതികളും പിടിയിലായത്.
മധുര സ്വദേശികളായ തിരുപ്പതി, പൊന്മുത്തുച്ചെല്വം, മീനാക്ഷി സുന്ദരം, കന്യാകുമാരി സ്വദേശി റെജിന്‍ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.
സുരക്ഷയ്ക്കുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ചാണ് തടവുകാർ ജയിൽ ചാടിയത്. സംഭവത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് 9 പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.















