പാലക്കാട്: തമിഴ്‌നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ചിൽ വീണ്ടും വൻ ചന്ദനക്കൊള്ള. റേഞ്ചിന് കീഴിലുള്ള വട്ടയാർമടക്ക് വനമേഖലയിൽനിന്ന് ഒൻപതിലേറെ ചന്ദനമരങ്ങൾ സാമൂഹ്യവിരുദ്ധർ വെട്ടിമുറിച്ച് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ചയാണ് അതിർത്തിമേഖലയിൽ നിന്ന് ഒൻപതിലേറെ ചന്ദനമരങ്ങൾ മോഷണം പോയ വിവരം ശ്രദ്ധയിൽപ്പെടുന്നത്. ഒറ്റ ദിവസം കൊണ്ടാണ് സംഘം ഇത്രയധികം മരങ്ങൾ മുറിച്ചുമാറ്റിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച തന്നെ വിവരം ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നുവെങ്കിൽ മോഷ്ടാക്കൾ കൂടുതൽ മരങ്ങൾ വെട്ടിമാറ്റുമായിരുന്നുവെന്നും സംഭവസ്ഥലത്ത് ബുധനാഴ്ച വിശദമായ പരിശോധന നടത്തുമെന്നും ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
നെന്മാറ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള കൊല്ലങ്കോട് ഉൾപ്പെടെയുള്ള മേഖലകളിൽ അടുത്തകാലത്തായി ചന്ദനമോഷണങ്ങളും അനധികൃത മരംമുറിയും പതിവാകുന്നുവെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ വാമല, തെക്കടി ഭാഗങ്ങളിൽ നിന്ന് മുപ്പതോളം ചന്ദനമരങ്ങൾ നഷ്ടപ്പെട്ടതായും കഴിഞ്ഞയാഴ്ച കോട്ടമലയിൽ നിന്ന് അഞ്ച് ചന്ദനമരങ്ങളടക്കം ഇരുപത്തഞ്ചോളം മരങ്ങൾ വെട്ടിമാറ്റിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത്തരം കേസുകളിലൊന്നും യഥാർത്ഥ പ്രതികളെ പിടികൂടാൻ വനംവകുപ്പിന് സാധിച്ചിട്ടില്ല.















