ജെറുസലേം : ഇസ്രയേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുദ് പാർട്ടി നയിക്കുന്ന സഖ്യത്തിന് മുന്നേറ്റം. 42 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഭരണപക്ഷം 57 സീറ്റുകളിലാണ് മുന്നേറുന്നത്. പ്രതിപക്ഷ സഖ്യം 47 സീറ്റുകളിലും മുന്നേറുന്നു. ബാക്കി സീറ്റുകളിൽ അറബ് പാർട്ടികൾക്കാണ് ലീഡ്. ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടിയായ ലികുദ് പാർട്ടി 28 സീറ്റുകളിലാണ് മുന്നേറുന്നത്. പ്രതിപക്ഷസഖ്യത്തെ നയിക്കുന്ന യാഷാർ പാർട്ടി 21 സീറ്റുകളിലും ഒറ്റയ്ക്ക് മുന്നേറുന്നുണ്ട്. ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ ആകെ 120 സീറ്റുകളാണുള്ളത്. 61 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.
അതേസമയം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. ഈ സാഹചര്യത്തിൽ അറബ് പാർട്ടികളുടെ നിലപാട് നിർണായകമായേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ എന്തുവന്നാലും അറബ് പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. വലതുപക്ഷത്തിന്റെ ശക്തമായ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും അറബ് പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കുമോ എന്ന ചോദ്യം പോലും ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.















