മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക ഇംപീച്ച്മെന്റിന് പുതിയ വേദി പ്രഖ്യാപിച്ച് ഇന്ത്യാ മുന്നണി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോഗിക വസതിയിലാണ് ഇനി പരിപാടി നടത്തുക. പ്രതിപക്ഷ നേതാക്കൾക്ക് പുറമെ മുൻ ജഡ്ജിമാരെയും നിയമവിദഗ്ധരെയും പരിപാടിയിൽ പങ്കെടുപ്പിക്കാൻ മുന്നണി ലക്ഷ്യമിടുന്നുണ്ട്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘വോട്ട് സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി ഡൽഹി രാംലീല മൈതാനിയിൽ വലിയ മഹാറാലി സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷ സഖ്യം. പന്തൽ നിർമ്മാണമുൾപ്പെടെയുള്ള അവസാന ഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പത്ത് ലക്ഷത്തോളം പേരെ പ്രതിഷേധത്തിൽ അണിനിരത്താനാണ് ലക്ഷ്യമിടുന്നത്.
ഗ്യാനേഷ് കുമാർ രാജിവെക്കുകയോ അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യുന്നത് വരെ പ്രതിപക്ഷത്തിന്റെ പോരാട്ടം തുടരുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. ദരിദ്രരെ മനഃപൂർവം വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുകയാണെന്നും, ശതകോടീശ്വരന്മാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങൾ ഉന്നയിച്ച ചോദ്യങ്ങളിൽ നിന്ന് കമ്മീഷണർ ഒളിച്ചോടുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.















