70.5 കോടിയുടെ രാഗം തിയേറ്റര്‍ ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചെന്നു സംശയം. തിയേറ്റര്‍ ഉടമയ്ക്ക് നല്കിയ തുകയില്‍ നിന്നും പത്തുകോടി രൂപ സൊസൈറ്റ് ചെയര്മാന് പ്രേംകുമാറിന്റെ അക്കൗണ്ടിലേക്ക് ഇട്ടെന്ന് തിയേറ്റര്‍ ഉടമ ജോര്‍ജ്ജ് പറയുന്നു. എന്നാല്‍, തനിക്ക് ജോര്‍ജ്ജ് 20 കോടി രൂപ തിരികെ തന്നിട്ടുണ്ടെന്ന് സൊസൈറ്റി ചെയര്മാന് പ്രേംകുമാര്‍ ഒരു വീഡിയോയില്‍ പറയുന്നുണ്ട്. ഇതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. തിയേറ്റര്‍ വാങ്ങുന്നതിന് ഉപോഗിച്ചത് നിക്ഷേപകരുടെ പണമാണ്. അത് നല്കുമ്പോള് നിയമാനുസൃതമായ പണമായിരിക്കണം. എന്നാല്‍, വിലയായി നല്കിയ തുകയില്‍ നിന്നും 20 കോടി പ്രേംകുമാറിന് തിരിച്ചു നല്‍കിയത് എന്തിനാണെന്നും, 10 കോടിയെന്നത്, എങ്ങനെ 20 കോയിയാ മാറിയെന്നതുമാണ് സംശയം വര്‍ദ്ധിപ്പിക്കുന്നത്.
അതേസമയം, തിയേറ്റല്‍ വാങ്ങുകയും, ഏകദേശം 5.5 കോടിയോളം രൂപ സ്റ്റാമ്പ്ഡ്യൂട്ടി അട്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ജോര്‍ജ് പറയുന്നു. എന്നാല്‍, 70.5 കോടി രൂപയുടെ ഡീലില്‍ നിന്നും 20 കോടി രൂപ തിരിച്ചു കൊടുക്കുമ്പോള്‍ ഡില് നടക്കേണ്ടത് 50.5 കോടിയിലാണ്. എന്നാല്‍, ഇടപാടുകള്‍ നടന്നതും, സ്റ്റാമ്പ്ഡ്യൂട്ടി നല്കിയതും 70.5 കോടി ഡീലിലാണെന്നതാണ് വസ്തുത. ഈ വിഷയം ഇപ്പോഴാണ് ഉയര്‍ന്നു വന്നത്. നിക്ഷേപകരുടെ പണം സ്വകാര്യ ആവശ്യങ്ങള്‍ക്കായി വകമാറ്റിയെന്ന കേസില്‍ ഭാരത് ലജ്ന മള്‍ട്ടി സ്റ്റേറ്റ് ഹൗസിങ് കോഓപറേറ്റീവ് സൊസൈറ്റി (ബി.എല്‍.എം) ചെയര്മാന് ആര്. പ്രേംകുമാറിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. സൊസൈറ്റിയുടെ മറവില്‍ സാധാരാണക്കാരില്‍ നിന്ന് മുന്നൂറ് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
എന്നാല്‍ തട്ടിപ്പ് 5000 കോടി കടക്കുമെന്ന് പരാതിക്കാര്‍ പറയുന്നു. ചെന്നൈയിലെ വസതിയില്‍ നിന്നാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇയാളെ പിടികൂടിയത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെന്നൈ നുങ്കമ്പാക്കത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, തിയേറ്ററുകള്‍ എന്നിവ വാങ്ങാന്‍ വകമാറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. തിരുവനന്തപുരത്തെ ആഡംബര ഹോട്ടല്‍, തൃശൂരിലെ രാഗം തിയേറ്റര്‍, മൂന്നാറിലെ റിസോര്‍ട്ടുകള്‍ തുടങ്ങിയവ വാങ്ങാന്‍ സൊസൈറ്റിയുടെ പണം ഉപയോഗിച്ചതായാണ് ആരോപണം. വിവിധ കമ്പനികള്‍ വഴിയും പണം വകമാറ്റിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തില്‍ 300 കോടി രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, തട്ടിപ്പിന്റെ ആകെ തുക സംബന്ധിച്ച് വ്യത്യസ്ത കണക്കുകളാണ് പുറത്തുവരുന്നത്. സാമ്പത്തിക ഇടപാടുകളുടെ വിശദമായ പരിശോധന തുടരുകയാണ്. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പരാതിക്കാരന് പരാതി പിന്‍വലിച്ചെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ അന്വേഷണം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. കേസ് ചോദ്യംചെയ്ത് പ്രേംകുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആരോഗ്യനില പരിശോധിച്ച ശേഷം ഇയാളെ കേരളത്തിലെത്തിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
അതേസമയം, വ്യാജപരാതികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കഴിഞ്ഞ ദിവസം ബി.എല്‍.എം സൊസൈറ്റി പരാതി നല്‍കിയിരുന്നു. പ്രചരിപ്പിക്കപ്പെടുന്ന രേഖകളുടെയും വാര്‍ത്തകളുടെയും ഉറവിടവും ആധികാരികതയും പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കണമെന്നായിരുന്നു സൊസൈറ്റിയുടെ ആവശ്യം. സൊസൈറ്റിക്കെതിരെ സമീപകാലത്ത് പ്രചരിക്കുന്ന ചില രേഖകളും വാര്‍ത്തകളും ഔദ്യോഗിക കണക്കുകളോടും രേഖകളോടും പൊരുത്തപ്പെടുന്നില്ലെന്നായിരുന്നു പരാതിയിലെ ആരോപണം. ‘വിവിധ വകുപ്പ് മേധാവികള്‍ നല്‍കിയതാണെന്ന് അവകാശപ്പെടുന്ന രേഖകളും വിവരങ്ങളും ഉദ്ധരിച്ച് ഓണ്‍ലൈന്‍, സാമൂഹിക മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു.
ഇത് അംഗങ്ങളിലും നിക്ഷേപകരിലും അനാവശ്യ ആശങ്ക സൃഷ്ടിക്കുന്നു. സൊസൈറ്റിയുടെ സാമ്പത്തിക രേഖകളും ബാങ്ക് ഇടപാടുകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിച്ചായിരിക്കണം തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. നിയമപരമായ നടപടികള്‍ സുതാര്യമായും നിഷ്പക്ഷമായും മുന്നോട്ടുപോകണമെന്നും ബി.എല്‍.എം സൊസൈറ്റി പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും സൊസൈറ്റി പരാതിയില്‍ പറഞ്ഞിരുന്നു.















