നഗരത്തിന്റെ തിരക്കുകളിൽ നിന്നും പൊള്ളുന്ന ചൂടിൽ നിന്നും മോചനം തേടി യാത്ര ഇഷ്ടപ്പെടുന്നവർക്കായി കണ്ണൂരിന്റെ സ്വന്തം ‘ഏലപ്പീടിക’ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. പച്ചപ്പും ശുദ്ധവായുവും കുളിർമഴയും കോടമഞ്ഞും ഒത്തുകൂടുന്ന ഈ മനോഹര ഗ്രാമം ഇപ്പോൾ സഞ്ചാരികളുടെ പ്രധാന പ്രിയങ്കരമായ ഇടമായി മാറുകയാണ്.
കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക് പോകുമ്പോൾ ആദ്യ ചുരത്തിന്റെ ഇടതുവശത്താണ് ഈ സുന്ദര ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രധാന പാതയിൽ നിന്ന് കേവലം ഒന്നര കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ ഈ പ്രകൃതിസൗന്ദര്യത്തിലേക്ക് എത്തിച്ചേരാം.
സമുദ്രനിരപ്പിൽ നിന്ന് ആയിരം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ മഴക്കാലത്തും ശീതകാലത്തും ഇവിടെ താപനില 15 ഡിഗ്രി വരെ താഴാറുണ്ട്.
മഴക്കാലമായാൽ പൂർണ്ണമായും കോടമഞ്ഞിൽ മൂടിനിൽക്കുന്ന ഇവിടം ഒരു ‘മിനി ഊട്ടി’യെ ഓർമ്മിപ്പിക്കും. കവാടത്തിലെ മനോഹരമായ വെള്ളച്ചാട്ടം, കുരിശുമല വ്യൂപോയിന്റ്, മൊട്ടക്കുന്ന്, പുൽമേടുകൾ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.
കുരിശുമലയുടെ മുകളിൽ എത്തിയാൽ കണ്ണൂർ എയർപോർട്ടും തലശ്ശേരി, മട്ടന്നൂർ, കൂത്തുപറമ്പ് തുടങ്ങിയ ടൗണുകളും വ്യക്തമായി കാണാൻ സാധിക്കും.
‘ഏലപ്പീടിക’ എന്ന പേരിന് പിന്നിൽ കൗതുകകരമായ ഒരു ചരിത്രവുമുണ്ട്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണകാലത്ത് വയനാട്ടിൽ ഉത്പാദിപ്പിച്ചിരുന്ന ഏലം ഈ മലയുടെ അടിവാരത്ത് പാണ്ടികശാല കെട്ടി സംഭരിക്കുകയും വിപണനം നടത്തുകയും ചെയ്തിരുന്നു.
അങ്ങനെയാണ് ഈ സ്ഥലത്തിന് ഏലപ്പീടിക എന്ന പേര് വന്നത്. പഴശ്ശിരാജാവ് ബ്രിട്ടീഷ് സൈന്യവുമായി ഏറ്റുമുട്ടിയ ചരിത്രപ്രധാനമായ വനപ്രദേശം കൂടിയാണിത്.















