“ഓട്ടം വിട്ട് ചാട്ടം” : പദ്മിനി തോമസിന്റെ ബി.ജെ.പി ചാട്ടം പി.ടി ഉഷയിലൂടെ; സ്‌നേഹിതര്‍ക്ക് അറിയാമായിരുന്ന രഹസ്യം (സ്‌പെഷ്യല്‍ സ്റ്റോറി)

‘എനിക്ക് ഒരിക്കലും ഒളിമ്പ്യനാകാന്‍ ആഗ്രഹമില്ല, എന്റെ സ്വന്തം റെക്കോര്‍ഡ് തകര്‍ക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം, ഞാന്‍ ആരെയും തോല്‍പ്പിക്കാന്‍ മത്സരിച്ചിട്ടില്ല’ എന്ന പി.ടി ഉഷയുടെ വാക്കുകള്‍ ഇന്ന് വളരെ വിലപ്പെട്ടതാവുകയാണ്. പത്മിനി തോമസ് എന്ന അത്‌ലറ്റിന്റെ ബി.ജെ.പിയിലേക്കുള്ള ചാട്ടമാണ് ഇതിനു കാരണമായിരിക്കുന്നത്. രാഷ്ട്രീയത്തില്‍ സ്‌പോര്‍ട്‌സിന് എന്തു പ്രസക്തി എന്ന് ഇനിയാരും ചോദിക്കരുത്. സ്‌പോര്‍ട്‌സില്ലാതെ പൊളിട്ടിക്‌സില്‍ പിടിച്ചു നില്‍ക്കാനാവില്ല. ഏഷ്യന്‍ ഗെയിംസിലെ ഓട്ടക്കാരി രാഷ്ട്രീയത്തിലെ ചാട്ടക്കാരിയാകുമ്പോള്‍, അതിന് പഴയൊരു ഓട്ടക്കാരിയുടെ പിന്തുണയുമുണ്ടായി. 

കോണ്‍ഗ്രസിനൊപ്പം ഓടിത്തളര്‍ന്നാണ് പദ്മിനി തോമസ് ബി.ജെ.പിയിലേക്ക് ചാടിയിരിക്കുന്നത്. ഇനി ഓടണോ ചാടണോയെന്ന് നരേന്ദ്രമോദിയും ബി.ഡെ.പിയും തീരുമാനിക്കും. ഇന്ന് രാവിലെയാണ് പദ്മിനി തോമസ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. എന്നാല്‍, കേരളത്തിലെ സ്‌പോര്‍ട്‌സ് മേഖലയിലുള്ളവര്‍ക്കൊന്നും പ്രത്യേകിച്ച് ഞെട്ടലില്ല. കാരണം, കുറച്ചു കാലമായി കോണ്‍ഗ്രസ് വേദികളില്‍ പപ്പിച്ചേച്ചിയെ (കായിക മേഖലയിലെ സ്‌നേഹിതര്‍ പദ്മിനി തോമസിനെ വിളിക്കുന്നത് ‘പപ്പിചേച്ചി’ എന്നാണ്) കാണാതായതോടെ സംശയം ബലപ്പെട്ടിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. 

മാത്രമല്ല, കോണ്‍ഗ്രസ്സില്‍ നിന്നും ലഭിക്കുന്ന അവഗണനയെ കുറിച്ച് പറയുകയും ചെയ്തിട്ടുണ്ട്. എത്രകാലം ഇങ്ങനെ തുടരാനാകുമെന്ന് അറിയില്ലെന്നും, രാഷ്ട്രീയം പൂര്‍ണ്ണമായി ഉപേക്ഷിക്കുകയോ, മറ്റേതെന്തിങ്കും പാര്‍ട്ടിയില്‍ ചേരുകയോ ചെയ്യാനുള്ള മാനസികാവസ്ഥയിലുമായിരുന്നു പപ്പിചേച്ചിയെന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സഹപ്രവര്‍ത്തകന്‍ അന്വേഷണത്തോടു പറഞ്ഞു. പി.ടി. ഉഷയുമായി നല്ലബന്ധം സൂക്ഷിച്ചിരുന്ന പദ്മിനി തോമസിന്റെ ബി.ജെ.പി രാഷ്ട്രീയ മാറ്റം ഡെല്‍ഹിയില്‍ നിന്നുമാണ് ഉദ്ഭവിച്ചത്. കോണ്‍ഗ്രസ്സില്‍ നിന്നും ഭാഗികമായി വിട്ടു നിന്നിരുന്ന പദ്മിനി തോമസ് സംസ്ഥാന ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും ശ്രമം തുടങ്ങിയിരുന്നു. 

പി.ടി. ഉഷയുടെ പാത പിന്തുടര്‍ന്ന് പദ്മിനി തോമസ് ബി.ജെ.പിയില്‍ എത്തുമ്പോള്‍ ലക്ഷ്യമിടുന്നത് കേന്ദ്ര സ്‌പോര്‍ട്‌സ് വകുപ്പുമായി ബന്ധപ്പെട്ട ചുമതലകളായിരിക്കും. പി.ടി. ഉഷ  നിലവില്‍ രാജ്യസഭാ എം.പിയും, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റുമാണ്. റെയില്‍വെ ഉദ്യോഗസ്ഥയുമാണ്. 2022 ജൂലൈ 6നാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ചെയര്‍മാനും ഡെപ്യൂട്ടി ചെയര്‍മാനുമില്ലാത്ത സമയത്ത് ഉപരിസഭയുടെ നടപടികള്‍ നിയന്ത്രിക്കാന്‍ രാജ്യസഭാ വൈസ് ചെയര്‍മാന്റെ പാനലിലേക്ക് ഉഷയെ നിയമിക്കുകയും ചെയ്തിരുന്നു. 

രാജ്യസഭയുടെ വൈസ് ചെയര്‍പേഴ്‌സണാകുന്ന ചരിത്രത്തിലെ ആദ്യത്തെ നോമിനേറ്റഡ് എംപി.യെന്ന ചരിത്രവും ഉഷയ്ക്കുണ്ട്. ഇതെല്ലാം ഉഷയെ തേടിയെത്തിയത് ബി.ജെ.പി അധികാരത്തില്‍ കയറിയ ശേഷമാണ്. അതുവരെ കോണ്‍ഗ്രസ് മന്ത്രിസഭ നല്‍കിയിരിക്കുന്ന പദവികള്‍ തുലോം കുറവായിരുന്നു. കോണ്‍ഗ്രസ്സിന്റെ അവഗണനകള്‍ക്കു മറുപടിയെന്നോണമാണ് പി.ടി ഉഷ ഇപ്പോള്‍ ഇരിക്കുന്ന പദവികള്‍. പദിമിനിക്കും ഇതേ പദവികളിലേക്ക് ഉയര്‍ത്തപ്പെടാന്‍ സാധ്യതയുണ്ടെന്ന പ്രലോഭനങ്ങളും വാഗ്ദാനങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. 

കോണ്‍ഗ്രസ് വിടാന്‍ എടുത്ത തീരുമാനം ഗുണം ചെയ്യുമെന്നു തന്നെയാണ് പദ്മിനി തോമസ് വി്വസിക്കുന്നത്. ആരുടെയും പ്രേരണയോ, സഹായമോ ഇതിനു ലഭിച്ചിട്ടില്ലെന്നും പദ്മനി തോമസ് പറയുന്നു. കോണ്‍ഗ്രസ് വിടാനുണ്ടായ കാരണങ്ങളില്‍ പ്രധാനപ്പെട്ടത്, ഉമ്മന്‍ചാണ്ടിയുടെ മരണമാണ്. അദ്ദേഹത്തിന്റെ പ്രത്യേക വാത്സല്യവും കരുതലും തനിക്കു ലഭിട്ടിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം കോണ്‍ഗ്രസില്‍ താന്‍ ഒന്നുമല്ലാതായി. കോണ്‍ഗ്രസിന് കേന്ദ്രത്തിലും സംസ്ഥാനത്തിലുമുള്ള ശക്തിയുടെ ക്ഷയിച്ചു. ഇനിയൊരു തിരി്ചു വരവുണ്ടാകില്ല എന്നു തന്നെയാണ് വിശ്വസിക്കുന്നതെന്നും പദ്മിനി തോമസ് പറയുന്നു. 

സ്‌പോര്‍ട്‌സ് മേഖലയില്‍ നിന്നും ഇനിയും സഹപ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് വാരാനുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തിലെത്തുമ്പോള്‍ കൂടുതല്‍ സഹപ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്കെത്തുമെന്നും അവര്‍ പറയുന്നു. 2020 മെയ് 6ന് തിരുവനന്തപുരത്തെ വീടിന്റെ ടെറസില്‍ നിന്നുവീണ് പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയ മുന്‍ ഇന്ത്യന്‍ അത്ലറ്റായ ജോണ്‍ സെല്‍വനാണ് പജ്മിനി തോമസിന്റെ ഭര്‍ത്താവ്. ജോണ്‍ സെല്‍വന്‍ കടുത്ത് കോണ്‍ഗ്രസ്സ് കുടുംബക്കാരനുമായിരുന്നു. ഇദ്ദേഹത്തിന്റെ മരണവും പദ്മനി തോമസിനെ കോണ്‍ഗ്രസ്സില്‍ നിന്നും അകറ്റി. 

ഇന്ത്യന്‍ അത്ലറ്റും കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ മുന്‍ പ്രസിഡന്റുമായിരുന്നു പദ്മിനി തോമസ്. 1982ലെ ഏഷ്യന്‍ ഗെയിംസില്‍ 4 ×100 മീറ്റര്‍ റിലേയില്‍ വെള്ളി മെഡലും, 400 മീറ്ററില്‍ വെങ്കലവും നേടിയിട്ടുണ്ട്. അര്‍ജുന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മകള്‍ ഡയാന ജോണ്‍ സെല്‍വനും മകന്‍ ഡാനി ജോണ്‍ സെല്‍വനും കായികതാരങ്ങളാണ്. പത്മിനി തോമസും തമ്പാനൂര്‍ സതീഷും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നാണ് ബിജെപിയില്‍ ചേര്‍ന്നത്. തിരുവനന്തപുരത്തെ ബിജെപി തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിലെത്തിയാണ് അംഗത്വം എടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ക്കൊപ്പമാണ് ഇരുവരും പാര്‍ട്ടി ഓഫിസിലെത്തിയത്. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ പാര്‍ട്ടിയില്‍നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നത് കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അടുത്തിടെ കോണ്‍ഗ്രസില്‍ അവഗണന നേരിടുന്നുവെന്ന് കാണിച്ച് തമ്പാനൂര്‍ സതീഷ് പാര്‍ട്ടി വിട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ സന്തത സഹചാരിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. പത്മിനി തോമസിന്റെ മകനും ബിജെപിയില്‍ അംഗത്വമെടുത്തു. ഇവര്‍ക്കു പുറമെ ഡിസിസിയുടെ മുന്‍ ഭാരവാഹികളും ബിജെപി അംഗത്വം സ്വീകരിച്ചു.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായ പത്മിനി തോമസിന് കെ. കരുണാകരന്‍, ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രിമാരുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. കെപിസിസിയുടെ കായിക വേദിയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി പത്മിനിയെ പരിഗണിച്ചെങ്കിലും പിന്നീട് സീറ്റ് നിഷേധിക്കുകയായിരുന്നു.

പാര്‍ട്ടിയില്‍ പുനഃസംഘടന നടന്നപ്പോഴൊക്കെ താന്‍ തഴയപ്പെട്ടതായി തമ്പാനൂര്‍ സതീഷ് ആരോപിച്ചിരുന്നു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പുതിയ സെക്രട്ടറിമാരുടെ ലിസ്റ്റിലും പേരില്ലാത്തതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെയിലും മഴയും കൊണ്ട് സ്വരൂപിച്ച പാര്‍ട്ടി ഫണ്ട് കെപിസിസി പ്രസിഡന്റ് ധൂര്‍ത്തടിക്കുകയാണ്. ഫണ്ട് എന്തിനു വിനിയോഗിക്കുന്നു എന്നുപോലും ആര്‍ക്കുമറിയില്ലെന്നും സതീഷ് പറഞ്ഞു. ചില കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Read more ….