കാലത്തേയും ദേശത്തേയും ഭാഷയേയുമെല്ലാം അതിജീവിക്കുനക്ലാസിക് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്നും ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന ആശയങ്ങളും നിരീക്ഷണങ്ങളുമുണ്ടെങ്കിൽ അത് കാൾ ഹെൻ്റിച്ച് മാർക്സ് എന്ന സാക്ഷാൽ കാൾ മാർക്സിൻ്റേതാണ്. പല മഹാൻമാരുടെ ദർശനങ്ങളും ചിന്തകളും അവർ ജീവിച്ചിരുന്ന കാലഘട്ടത്തിലോ അതിന് ശേഷം കുറച്ച് വർഷങ്ങളോ നില നിൽക്കുമ്പോൾ മാർക്‌സിയൻ ആശയങ്ങൾ അദ്ദേഹം മരണപ്പെട്ടിട്ട് നൂറ്റി നാൽപ്പത്തിയൊന്ന് വർഷങ്ങൾക്ക് ശേഷവും നിലനിൽക്കുന്നു. മാർച്ച് 14, അദ്ദേഹത്തിൻ്റെ ചരമ വാർഷിക ദിനമാണ്.
മാർക്സിയൻ ആശയങ്ങളെക്കുറിച്ചും നിരീക്ഷണങ്ങളെക്കുറിച്ചുമെല്ലാം ഇന്നും സജീവ ചർച്ചകൾ നടക്കുമ്പോഴും ആരും ചർച്ച ചെയ്യപ്പെടാത്ത ഒരു ഏട് വിശ്വമാനവികതയുടെ പ്രതീകമായ ആ താടിക്കാരണ്ടായിരുന്നു. കാൾ മാർക്സ് ഒരു മാധ്യമ പ്രവർത്തകനായിരുന്നുവെന്ന് ഇന്ന് ഒരു പക്ഷേ ജേണലിസം പഠിച്ചിറങ്ങുന്നവർക്കു പോലും അറിവുണ്ടായിരിക്കില്ല. മാധ്യമ പ്രവർത്തനവും മാധ്യമ പ്രവർത്തകരും വിമർശനവും വേട്ടയാടപ്പെടലും നേരിടുന്ന ഒരു കാലത്തിലൂടെ കടന്നുപോകുമ്പോൾ ചർച്ചയാവപ്പെടേണ്ട ഒരു ഏടാണ് മാർക്സ് എന്ന മാധ്യമ പ്രവർത്തന ജീവിതം.
മാർക്സിൻ്റെ ജീവിതത്തിലെ വളരെ ചുരുങ്ങിയ കാലം മാത്രമേ അദ്ദേഹം മാധ്യമ പ്രവർത്തകൻ്റെ കുപ്പായമിട്ടിട്ടുള്ളു. 1842 മുതല്‍ 1865 വരെയുള്ള കാലത്താണ് അദ്ദേഹത്തിൻ്റെ പത്രപ്രവർത്തന ജീവിതം അരങ്ങേറുന്നത്. അക്കാലത്ത് റിനിഷെ സെയ്തുങ്, ന്യു റെയ്‌നിഷെ സെയ്തുങ് എന്നീ പുരോഗമന കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്ന പത്രങ്ങള്‍ പുറത്തിറക്കി. മാർക്സ് തന്നെയായിരുന്നു പത്രാധിപർ. അക്കാലത്ത് പ്രമുഖ പത്രങ്ങളിലൊന്നായ ന്യൂയോര്‍ക്ക് ട്രിബ്യൂണിന്റെ യൂറോപ്പ് ബ്യൂറോചീഫായി അദ്ദേഹം ജോലി ചെയ്തു. പീപ്പിള്‍സ് പ്രസ്, ഡൈ റെവല്യൂഷന്‍, ഡൈ പ്രസ്സ് എന്നിവയുള്‍പ്പടെ നിരവധി പത്രങ്ങൾക്കും മാസികകള്‍ക്കും വേണ്ടി സാമൂഹിക- രാഷ്ട്രീയ- സാമൂഹിക, വിഷയങ്ങളില്‍ നൂറ് കണക്കിന് ലേഖനങ്ങള്‍ മാർക്സിൻ്റേതായി പുറത്തു വന്നു.
1851ലെ ഫ്രഞ്ച് അട്ടിമറിയെ തുടര്‍ന്ന് നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ വരവിനെക്കുറിച്ചുള്ള രാഷ്ട്രീയവും-ചരിത്രപരമായ ഗ്രന്ഥം (The Eighteenth Brumaire of Louis Bonaparte) മാർക്സിലെ പത്രപ്രവർത്തന മികവിനെ അടയാളപ്പെടുത്തുന്നതാണ്. ഇന്ത്യയിലെ കോളനിവത്ക്കരണത്തെപ്പറ്റിയും മാര്‍ക്‌സ് നിരവധി ലേഖനങ്ങള്‍ രചിച്ചു. ദി ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ, ദി ബ്രിട്ടീഷ് കോട്ടന്‍ ട്രൈഡ്, ദി ഫ്യൂച്ചര്‍ റിസള്‍ട്ട് ഓഫ് ബ്രിട്ടീഷ് ഇന്‍ ഇന്ത്യ എന്നിവയായിരുന്നു മാര്‍ക്‌സിന്റെ പ്രധാന ലേഖനങ്ങള്‍.
പൗരനും ഭരണകൂടത്തിനുമിടയിലുള്ള തിരുത്തൽ ശക്തിയായി മാധ്യ പ്രവർത്തകൻ പ്രവർത്തിക്കണം എന്നത് തെളിയിക്കുകയായിരുന്നു മാർക്സ് എന്ന പത്രപ്രവർത്തകൻ. മാധ്യമപ്രവര്‍ത്തനത്തെ സെൻസർ ചെയ്യുന്ന ഭരണകൂടത്തിന്റെ നിലപാടുകളോട് കടുത്ത വിമർശനമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മാധ്യമ പ്രവർത്തനത്തിൻ്റെ ജീവൻ മാധ്യമ സ്ഥാപനങ്ങൾ സ്വതന്ത്രമായി തുടരുന്നതാണ് എന്നദ്ദേഹം വിശ്വസിച്ചു. മാർക്സിൻ്റെ കടുത്ത വിമർശനങ്ങൾ കാരണം പല തവണ ഭരണകൂടം അദ്ദേഹത്തെ വേട്ടയാടി. സമൂഹിക പ്രശ്നങ്ങളിലേക്ക് തിരിച്ച് വെച്ച കണ്ണാടിയായിരുന്നു മാർക്സിൻ്റെ മാധ്യമ പ്രവർത്തനം. തൻ്റെ കാലഘട്ടത്തിലെ എല്ലാ പ്രശ്നങ്ങളും ആ ദർപ്പണത്തിലൂടെ പ്രതിഫലിച്ചു.
യഥാർത്ഥത്തിൽ കാൾ മാർക്സ് എന്ന രാഷ്ട്രീയക്കാരനെ, ദാർശികനെ രൂപപ്പെടുത്തുന്നത് അദ്ദേഹത്തിൻ്റെ പത്രപ്രവർത്തന ജീവിതമായിരുന്നു. തൻ്റെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന റെയ്‌നിഷെ സെയ്തുങ്, ന്യൂ റെയ്‌നിഷെ സെയ്തുങ് എന്നീ പത്രങ്ങളിലൂടെ നിരവധി തൊഴിലാളി പ്രശ്നങ്ങൾ കൈകാര്യം ചെയ്തു അവർക്ക് വേണ്ടി പോരാടി. തൊഴിലാളികളെ അദ്ദേഹത്തിൻ്റെ രചനകൾ ബോധവാൻമാരാക്കി. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം എന്നത് ജനങ്ങൾക്ക് വേണ്ടി മാത്രമാണ് എന്ന് അടിവരയിടുകയായിരുന്നു ഇക്കാലയളവിൽ അദ്ദേഹം.
ഭരണകൂട- മുതലാളിത്ത – കോർപ്പറേറ്റുകൾക്ക് വേണ്ടി ഒത്താശ ചെയ്യുന്ന മാധ്യമ സ്വാതന്ത്ര്യം മരീചികയായ വർത്തമാന കാലഘട്ടത്തിൽ മാർക്സിലെ പത്രപ്രവർത്തനെ ഓർക്കാൻ പോലും ഇടതുപക്ഷ അനുകൂലികളായ ജേണലിസ്റ്റുകൾ പോലും തയ്യാറാവുന്നില്ല. കോർപ്പറേറ്റ് ഭരണകൂങ്ങൾക്ക് വേണ്ടി വാർത്തകൾ സൃഷ്ടിക്കുന്ന അഭിനവ ജേർണലിസ്റ്റുകൾക്ക് മാർക്സിൻ്റെ മാധ്യമ പ്രവർത്തനത്തെ അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാകാം അവർ അദ്ദേഹത്തിലെ പത്രപ്രവർത്തകനെ അടയാളപ്പെടുത്താൻ കഴിയാതെ പോകുന്നത്. ജേണലിസത്തെ ജീർണലിസമാക്കിയ പത്രപ്രവർത്തകനായിരുന്നില്ലല്ലോ മാർക്സ്. അദ്ദേഹത്തിൻ്റെ നൂറ്റിനാൽപ്പത്തിയൊന്നാം ചരമവാർഷികത്തിൽ മാർക്സ് എന്ന വഴികാട്ടിയായ മാധ്യമ പ്രവർത്തകനെ നമുക്ക് അനുസ്മരിക്കാം.
കാൾ മാർക്സിൻ്റെ ജീവിതവഴികളിലൂടെ
1818 മെയ്അഞ്ച്: ജർമനിയിലെ ട്രിയെറിൽ ജനനം.
പിതാവ്: ഹെൻറിച്ച് മാർക്സ്, മാതാവ്: ഹെൻറീറ്റ
1841 ഏപ്രിൽ 15: യൂണിവേഴ്സിറ്റി ഓഫ് ജിനയിൽ നിന്നും തത്വശാസ്ത്രത്തിൽ പിഎച്ച്ഡി നേടി.
1843 ജൂൺ 19: ജെന്നി വോൺ വെസ്റ്റ്ഫാലെനെ ജീവിതസഖിയാക്കി.
1842: സംഭവ ബഹുലമായ പത്രപ്രവർത്തന ജീവിതത്തിൻ്റെ ആരംഭം
1848 ഫെബ്രുവരി 21: ഫ്രെഡറിക് ഏംഗൽസിനൊപ്പം എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു. ജർമൻ ഭാഷയിലായിരുന്നു ഇത്.
1867 സെപ്റ്റംബർ 14: ദാസ് ക്യാപിറ്റലിന്റെ (മൂലധനം) ആദ്യ വാല്യം’ പുറത്തിറങ്ങി.
1881 ഡിസംബർ രണ്ട്: ഭാര്യ ജെന്നി നിര്യാതയായി.
1883 മാർച്ച് 14: ലണ്ടനിൽ വച്ച് അന്തരിക്കുന്നു
Read more:
- എന്താണ് ആ റിപ്പോർട്ടിൽ? കിട്ടിയിട്ടില്ലെന്ന് മന്ത്രി റിയാസ് കള്ളം പറയുന്നുവോ? ടുറിസം ഡയറക്ടറുടെ കണ്ടെത്തലുകൾ അന്വേഷണത്തിന്
- ശബരിമല വിമാനത്താവളം: കുടിയൊഴിപ്പിക്കപ്പെടുന്നത് ചെറുവളളിയിൽ മാത്രം 221 കുടുംബങ്ങൾ; എസ്റ്റേറ്റിലെ ആഞ്ഞിലിയും തേക്കുമടക്കം മൂന്നര ലക്ഷം മരങ്ങൾ മുറിക്കേണ്ടി വരും
- സിഎഎയിൽ ഇരട്ടച്ചങ്കൻ്റെ ഇരട്ടത്താപ്പ്!
- രാജ്യത്തെ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനത്തിനൊരുങ്ങി മോദി; രാജ്യത്തെ എല്ലാവരും ആഗ്രഹിക്കുന്ന പ്രഖ്യാപനം ഉടനെന്ന് സൂചന; ട്രോളിൽ മുങ്ങാൻ പോകുന്ന തീരുമാനം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പെത്തും
- ‘ശമ്പളം’ വെറും സ്വപ്നം: ഡ്രൈവറുടെ ഫോണ്‍വിളി പുറത്ത്: യാചിക്കുന്ന KSRTC തൊഴിലാളിയോട് കരുണകാട്ടുമോ സര്‍ക്കാര്‍ ? (എക്‌സ്‌ക്ലൂസീവ്)
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ