സുനാമിയും ഓഖിയും കണ്ട കടലിനോടാണ് കളി: ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് സുരക്ഷിതമോ ?; മരണ വിനോദ സഞ്ചാരം ?

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വര്‍ക്കലയില്‍ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് കടലില്‍ മറിഞ്ഞത്. കടല്‍ക്ഷോഭത്തില്‍പ്പെട്ട് 15 വിനോദ സഞ്ചാരികള്‍ കടലില്‍ വീഴുകയും ചെയ്തു. ഭാഗ്യവും, രക്ഷാ പ്രവര്‍ത്തനവും ഒരു പോലെ പ്രവര്‍ത്തിച്ചതു കൊണ്ട് ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടില്ല. പക്ഷെ, സുരക്ഷയില്ലാതെ കടലില്‍ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്, കടലില്‍ വീണുപോയവര്‍ക്ക് അറിയില്ലെങ്കിലും ടൂറിസം മന്ത്രിക്കറിയാം. ടൂറിസം വകുപ്പിനും കാര്യങ്ങള്‍ വ്യക്തമായറിയാം. അതുകൊണ്ട് ഉരുന്ന കുറേ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരോ വകുപ്പോ ഉത്തരം പറയേണ്ടി വരും. 

മാസ്റ്റര്‍ പ്ലാനോ സര്‍ക്കാര്‍ ഉത്തരവോ ഇല്ലാതെ സംസ്ഥാനത്ത് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് പദ്ധതി നടപ്പാക്കിയത് എങ്ങനെയാണ്. ആരാണ് ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദി. കരാര്‍ കമ്പനിയെ തെരഞ്ഞെടുത്തത് എങ്ങനെ. പാരിസ്ഥിതിക ഘടകങ്ങള്‍ പഠനവിധേയമാക്കിയിട്ടുണ്ടോ. തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കാണ് ഉത്തരം കിട്ടേണ്ടത്. വെറുതേയൊന്നും ആര്‍ക്കും കടലില്‍ പാലം പണിയാനാകില്ല. അപ്പോള്‍ എവിടെ നിന്നോ വലിയ ഇടപെടലുകളുണ്ടായിട്ടുണ്ട്. മന്ത്രിയും പരിവാരങ്ങളും ഫ്‌ളോട്ടിംഗ് ബ്രിഡ്ജില്‍ നിന്ന് ആഘോഷിച്ചപ്പോള്‍, ഇങ്ങനെയൊരു ദുരന്തം വരുമെന്ന് ചിന്തിച്ചിട്ടുണ്ടാകില്ല. 

അല്ലെങ്കില്‍ ആരോ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. കടല്‍ എപ്പോഴും ശാന്തമായി കിടക്കുമെന്നായിരിക്കും ധരിപ്പിച്ചിരിക്കുക. സൂനാമിയും ഓഖിയും കണ്ട കടലിനോടാണ് കളിക്കുന്നതെന്ന സാമാന്യ ബുദ്ധിപോലും ഇല്ലാത്തവരാണ് ടൂറിസം വകുപ്പില്‍ ഉള്ളതെന്ന് വ്യക്തമായിക്കഴിഞ്ഞു. അതാണ് വിനോദ സഞ്ചാര വകുപ്പിന്റെ കുറ്റസമ്മതത്തില്‍ നിന്നും മനസ്സിലാകുന്നത്. മാസ്റ്റര്‍ പ്ലാനോ സര്‍ക്കാര്‍ ഉത്തരവോ ഇല്ലാതെ സംസ്ഥാനത്ത് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് പദ്ധതി നടപ്പാക്കിയതെന്ന് സമ്മതിച്ചിരിക്കുകയാണ് വിനോദ സഞ്ചാര വകുപ്പ്. കരാര്‍ കമ്പനികളുടെ തെരഞ്ഞെടുപ്പിന് മാത്രമല്ല സുരക്ഷ സംവിധാനങ്ങള്‍ സംബന്ധിച്ചും പ്രത്യേക മാനദണ്ഡങ്ങളൊന്നും തയ്യാറാക്കിയിട്ടില്ലെന്നും സമ്മതിച്ചിരിക്കുകയാണ്. 

പുതിയ പദ്ധതിയെന്നോണം കൊട്ടിഘോഷിച്ചായിരുന്നു ഉദ്ഘാടനം. ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ കാസര്‍ഗോഡും മറ്റ് ജില്ലകളില്‍ ഡിടിപിസിയുടെ ചുമതലയിലും ആണ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകള്‍ സ്ഥാപിച്ചത്. പദ്ധതി വന്‍ നേട്ടമെന്ന് പ്രചരിപ്പിക്കുമ്പോഴും ടെണ്ടര്‍ നടപടികളിലോ കമ്പനികളുടെ തെരഞ്ഞെടുപ്പിലോ പ്രത്യേകിച്ച് ഒരു ഉത്തരവാദിത്തവും ടൂറിസം വകുപ്പ് എടുത്തിട്ടില്ല. മാസ്റ്റര്‍ പ്ലാനില്ല. പാരിസ്ഥിതിക ഘടകള്‍ങ്ങള്‍ പരിശോധിക്കാനോ പദ്ധതിക്ക് പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനോ ശ്രമിച്ചിട്ടില്ല. 

സുരക്ഷ ഉറപ്പാക്കാന്‍ എന്ത് നടപടിയുണ്ടെന്ന ചോദ്യത്തിന് സുരക്ഷാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന കാര്യം പരിഗണനയില്‍ എന്നുമാത്രമാണ് ടൂറിസം വകുപ്പിന്റെ മറുപടി. അതായത് പദ്ധതി നടത്തിപ്പ് മുതല്‍ വരുമാന ശേഖരണം വരെയുള്ള കാര്യങ്ങളിലെ ഉത്തരവാദിത്തം അതാത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകള്‍ക്ക് ഉണ്ടെന്നുകൂടി വ്യക്തമാക്കുകയാണ്. വര്‍ക്കല അപകടത്തിന് പിന്നാലെ കരാര്‍ കമ്പനിയെ കുറ്റപ്പെടുത്തി കൈകഴുകുകയായിരുന്നു ഡിടിപിസി. വര്‍ക്കലയില്‍ അപകടമുണ്ടായ പാലം ആദ്യം സ്ഥാപിക്കാന്‍ ഉദ്ദേശിച്ചത് അടിമലത്തുറയിലാണ്. 

അന്നത്തെ ഡിടിപിസി സെക്രട്ടറിയായിരുന്ന ഷാരോണ്‍ വീട്ടിലിന്റെ നേതൃത്വത്തില്‍ നടന്ന ആ നീക്കം പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഉപേക്ഷിച്ച് വര്‍ക്കലയിലേക്ക് മാറ്റിയത്. 2023 ഡിസംബര്‍ 29 നായിരുന്നു ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ ഉദ്ഘാടനം നടന്നത്. മാസങ്ങള്‍ക്കകം അപകടവുമുണ്ടായി. ഇതിനിടക്ക് ഡിടിപിസി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ അതേ ഉദ്യോഗസ്ഥന്‍ ടൂറിസം മന്ത്രിയുടെ ഓഫീസിലെ ഉന്നത തസ്തികയിലുമെത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന്‍ ടൂറിസം വകുപ്പില്‍ നടത്തിയ മാറ്റങ്ങള്‍ നിരവധിയാണ്. വെഡ്ഡിംഗ് ഡെസ്റ്റിനേഷനുകള്‍ മുതല്‍ കാരവന്‍ ടൂറിസം വരെ ഇതില്‍പ്പെടും. എന്തിനേയും ടൂറിസം മേഖലയിലെ പുതിയ കാഴ്ചകളാക്കി അവതരിപ്പിക്കാന്‍ കഴിയുമെന്ന കണക്കു കൂട്ടലാണ് മരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിനുണ്ടായിരുന്നത്. അങ്ങനെയാണ് 9 തീരദേശ ജില്ലകളിലും ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്. പദ്ധതി ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്ന് മനസ്സിലാക്കിയായിരുന്നു നടപടി. 

പദ്ധതിയുടെ സുരക്ഷയും സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തയ്യാറാക്കാന്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയെ (കെഎടിപിഎസ്) ചുമതലപ്പെടുത്തിയിരുന്നുവെന്നാണ് അന്ന് പറഞ്ഞിരുന്നത്. ഈ പാലങ്ങള്‍ സ്ഥാപിക്കുന്നതിന് ഓരോ ജില്ലയിലും അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് വിശദമായ സര്‍വേ ആരംഭിച്ചിട്ടുണ്ട്. അടുത്തത് തിരുവനന്തപുരത്തെ കോവളം ബീച്ചില്‍ വരുമെന്നാണ് പറഞ്ഞിട്ടുള്ളത്. 

അതേസമയം, ഇിയൊര് അറിയിപ്പുണ്ടാകുന്നതു വരെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജിലേക്കുള്ള വിനോദ സഞ്ചാരം നിര#്ത്തിയ വെച്ചിരിക്കുന്നതായി തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. സമാന ഉത്തരവ് വലിയ തുറപ്പാലത്തിനും ഇറക്കിയിട്ടുണ്ട്.

Read more ….