സി.എ.എ അംഗീകരിക്കാനാകില്ല, തമിഴ്നാട്ടിൽ നടപ്പാക്കരുത്; നടൻ വിജയ്

 ഗുവാഹത്തി: വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ (സി.എ.എ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നടനും തമിഴക വെട്രി കഴകം തലവനുമായ വിജയ്. തമിഴ്നാട്ടിൽ സിഎഎ അംഗീകരിക്കാനാവില്ലെന്നും മതമൈത്രി ഉള്ളിടത്ത് ഭിന്നിപ്പുണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഉറപ്പ് വേണമെന്നും വിജയ് ആവശ്യപ്പെട്ടു. 

   തമിഴക വെട്രി കഴകമെന്ന‌ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ശേഷമുള്ള വിജയ്‌യുടെ ആദ്യ രാഷ്ട്രീയ പ്രതികരണമാണിത്. വ്യാപക എതിർപ്പുകൾക്കിടയിൽ നാലു വർഷം മുമ്പ് പാർലമെന്‍റിൽ പാസാക്കിയെടുത്ത നിയമഭേദഗതിയുടെ ചട്ടങ്ങളാണ് തെരഞ്ഞെടുപ്പു വേളയിൽ വിഭാഗീയ അജണ്ട കൂടിയായി പ്രാബല്യത്തിൽ വന്നത്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം മതാടിസ്ഥാനത്തിൽ ഇന്ത്യൻ പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമത്തെ വിവാദത്തിലാക്കിയത്. പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽപക്ക രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് മതിയായ രേഖകളില്ലാതെതന്നെ 2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ മുസ്ലിംകളല്ലാത്തവർക്ക് പൗരത്വം അനുവദിക്കാനാണ് നിയമവ്യവസ്ഥ.

    ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രൈസ്തവ മതവിഭാഗത്തിൽപെട്ടവർക്കാണ് ഇങ്ങനെ പൗരത്വം നൽകുന്നത്. യാത്രാ രേഖകളില്ലാതെ ഇന്ത്യയിൽ എത്തിയ വർഷം അപേക്ഷകർ സ്വമേധയാ രേഖപ്പെടുത്തണം. അപേക്ഷകരോട് ഒരു രേഖയും ചോദിക്കില്ല. ഇത്തരത്തിൽ പൗരത്വം നൽകുന്നതിന്‍റെ വ്യവസ്ഥകളും നടപടിക്രമങ്ങളുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച വൈകീട്ട് വിജ്ഞാപനം ചെയ്തത്.

Read more:

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ