ദക്ഷിണേന്ത്യയുടെ നവോത്ഥാന നായകനായിരുന്നു ഇവി രാമസ്വാമി നായ്ക്കർ എന്ന പെരിയാർ. വൈക്കം സത്യഗ്രാഹത്തിൽ പങ്കെടുത്ത ഒട്ടനവധി സാമൂഹ്യ പരിഷ്ക്കാർത്താക്കൾ ഉണ്ടായിട്ടും വൈക്കം വീരൻ എന്ന വിശേഷണം മലയാളികൾ ചാർത്തിക്കൊടുത്തത് പെരിയാർ എന്ന തമിഴനായിരുന്നു. എന്നാൽ പെരിയാറിനെയും വെല്ലുന്ന ഒരു നവോത്ഥാന നായകൻ ഈ കേരള മണ്ണിൽ ജീവിച്ചിരുന്നു. സർവ്വലോക മലയാളികളുടെ ഒരേയൊരു ”സഹോദരൻ “. സഹോദരൻ അയ്യപ്പൻ. മലയാളത്തിൻ്റെ സഹോദരൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 56 വർഷങ്ങൾ തികയുകയാണ്. 1889 ഓഗസ്റ്റ് 22ന് എറണാകുളം ജില്ലയിലെ ചെറായിയിലായിരുന്നു ജനനം.
ഒരു ജാതി ഒരു മതം മനുഷ്യന് എന്ന് പറഞ്ഞത് ശ്രീനാരായണഗുരുവായിരുന്നുവെങ്കിൽ അത് സാക്ഷാത്കരിക്കാൻ ശ്രമിച്ചത് സഹോദരൻ അയ്യപ്പനായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ മനുഷ്യദര്‍ശനത്തെ, ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും അടിസ്ഥാനത്തില്‍ വിപുലീകരിച്ച് രാഷ്ട്രീയ പ്രയോഗമാക്കി മാറ്റുകയായിരുന്നു സഹോദരന്‍ അയ്യപ്പന്‍.
ഓജസ് നഷ്ടപ്പെട്ട അപകടകരങ്ങളായ ആശയങ്ങളെ നവീകരിച്ച് ജാതിരഹിതവും വർഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ പരിശ്രമിച്ച ഒരു നവോത്ഥാനനായകൻ കൂടിയായിരുന്നു അദ്ദേഹം. ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം, തൊട്ടുകൂടാത്തവരായി അവഗണിക്കപ്പെട്ടിരുന്ന ദളിതരെ ചേർത്ത് മിശ്രഭോജനം നടത്തിയും സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരം ചെയ്തും സവർണരുടെ അപ്രീതിയ്ക്കിരയായിരുന്നു. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്’എന്ന ശ്രീനാരായണ ഗുരുവിന്റെ ആപ്തവാക്യം ഗുരുവിന്റെ അംഗീകാരത്തോടെ ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്,’ എന്ന് അദ്ദേഹം മാറ്റം വരുത്തി.
കൊച്ചി നിയമസഭയുടെ 1928ൽ രണ്ടാം തിരഞ്ഞെടുപ്പിൽ തെക്കേ ഈഴവ മണ്ഡലത്തിൽ നിന്നും വിജയിച്ച് അയ്യപ്പൻ നിയമസഭയിലെത്തി. നിയമസഭാസാമാജികൻ എന്ന നിലയിൽ അവശരേയും പാവങ്ങളേയും ഉദ്ധരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു.
ഗാന്ധിജിയുടെ ആദർശങ്ങളോട് പൂർണ്ണമായും യോജിച്ചില്ലെങ്കിലും ഗാന്ധിയിലെ മനുഷ്യനെ അയ്യപ്പൻ ആരാധിച്ചിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളോട് താൽപര്യമുള്ളയാളായിരുന്ന അയ്യപ്പൻ ലോകസംഭവങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന ശീലമുണ്ടായതിന്റെ ഫലമാകാം മിശ്രഭോജനം എന്ന വിപ്ലവകരമായ ആശയം ഉരുത്തിരിയാൻ കാരണം എന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നു. 1920 മുതൽ ദേശീയമായി പടർന്നു പന്തലിച്ച അംബേദ്കർ പ്രസ്ഥാനത്തോട് ഐക്യപ്പെട്ട അദ്ദേഹം ബുദ്ധമത ചിന്തയെ കേരളത്തിൽ നവീകരിച്ചു പ്രതിഷ്ഠിക്കുവാനും ശ്രമിച്ചിരുന്നു.
എറണാകുളത്ത് വൈപ്പിൻ ദ്വീപിലെ ചെറായിയിൽ കുമ്പളത്ത് പറമ്പിൽ എന്ന പുരാതന കുടുംബത്തിൽ കൊച്ചാവു വൈദ്യന്റെയും ഉണ്ണൂലിയുടെയും ഒമ്പതാമത്തെ മകനായി 1889 ഓഗസ്റ്റ് 22-നാണ് അയ്യപ്പൻ ജനിച്ചത്. അയ്യപ്പന് രണ്ടുവയസ്സുള്ളപ്പോൾത്തന്നെ പിതാവ് അകാലചരമമടഞ്ഞു. പിന്നീട് ജ്യേഷ്ഠനായ അച്യുതൻ വൈദ്യരുടെ സംരക്ഷണയിലാണ് വളർന്നത്. അയ്യപ്പന്റെ വളർച്ചയിൽ വളരെ വലിയ സ്വാധീനം വഹിച്ചിരുന്നു അദ്ദേഹത്തിന്റെ ജേഷ്ഠ്യൻ.
ചെറായിയിൽ അച്യുതൻ വൈദ്യരുടെ ഉത്സാഹത്തിൽ തുടങ്ങിയ വിദ്യാലയത്തിൽ ഒരു വർഷത്തെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പറവൂർ ഇംഗ്ലീഷ് ഹൈസ്കൂളിൽ അയ്യപ്പന്റെ താൽപര്യപ്രകാരം ഇംഗ്ലീഷ് പഠിക്കാനായി ചേർന്നു. ഹൈസ്കൂളിൽ ചരിത്രവും സംസ്കൃതവുമാണ് ഐഛികമായി എടുത്തു പഠിച്ചത്. പറവൂരിലെ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ജാതിചിന്തയുടെ നീച അനുഭവങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ ഉപരിപഠനത്തിനുശേഷം ചെറായിയിൽ തിരിച്ചെത്തിയ അദ്ദേഹം അവിടെ വച്ച് ശ്രീനാരായണഗുരുവുമായി സംസാരിക്കുകയും ഗുരുവിന്റെ പ്രേരണയും സഹായവും കൊണ്ട് അയ്യപ്പൻ പഠനം തുടർന്നു. തിരുവനന്തപുരം മഹാരാജാസ് കോളേജിൽ സംസ്കൃതവും ഇന്ത്യാ ചരിത്രവും ഐച്ഛികവിഷയങ്ങളായി എടുത്ത് ബി.എ.ക്ക് ചേർന്നു. തിരുവനന്തപുരത്തെ പഠനജീവിതത്തിനിടയിലാണ് കുമാരനാശാനുമായി അടുക്കുന്നത്. ഇവർ തമ്മിൽ ഒരു സൗഹൃദത്തിനുപരിയായ ബന്ധം രൂപപ്പെട്ടു വന്നു. തിരുവനന്തപുരത്ത് പഠിക്കുമ്പോൾ തന്നെ സാമുദായികപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പ്രസംഗം, ലേഖനങ്ങൾ, എസ്.എൻ.ഡി.പി. യോഗപ്രവർത്തനം എന്നിവയുമൊക്കെ നടത്തിക്കൊണ്ട് ശ്രദ്ധനേടി. കുറേ കവിതകളും എഴുതി. സാമുദായിക പരിഷ്കരണം ലക്ഷ്യമാക്കി കവിതകൾ രചിക്കാൻ അയ്യപ്പന് കുമാരനാശാൻ ശക്തമായി പ്രേരണ നൽകിയിരുന്നു.
ബിഎ ബിരുദം പാസ്സായശേഷം നാട്ടിലെത്തിയ അയ്യപ്പന് ചെറായിയിൽ തന്നെയുള്ള യൂണിയൻ സ്കൂളിൽ അദ്ധ്യാപകനായി ജോലി ലഭിച്ചു. വളരെ മികച്ചൊരു അധ്യാപകനായിരുന്ന അയ്യപ്പൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേപോലെ പ്രിയങ്കരനായിരുന്നു. നാട്ടുകാർ അദ്ദേഹത്തെ അയ്യപ്പൻ മാസ്റ്റർ എന്നു വിളിച്ചുപോന്നു, അദ്ധ്യാപനത്തിലെന്നപോലെ പൊതുകാര്യങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടു.
ജാതിക്കെതിരായി പറഞ്ഞുകൊണ്ടിരുന്നാൽ മാത്രം പോരാ, മറിച്ച് സമുദായക്കാരുടെ മനസ്സിൽ നിന്നുതന്നെ താഴ്ജാതിബോധം നീക്കം ചെയ്യേണ്ടതുണ്ടെന്ന് ശ്രീനാരായണഗുരുവിന്റെ ഉപദേശമാണ് അയ്യപ്പനെ ‘മിശ്രഭോജനം’ എന്ന ആശയത്തിലേക്ക് നയിക്കുന്നത്. ചെറായിയിൽ 1917 മേയ് 29-ന് ഏതാനും ഈഴവരെയും പുലയരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്താൻ അയ്യപ്പനും സുഹൃത്തുക്കളും തീരുമാനിച്ചു. സുഹൃത്തായിരുന്ന കെ.കെ. അച്യുതൻ മാസ്റ്റർക്കു പരിചയമുള്ള വള്ളോൻ, ചാത്തൻ എന്നീ അധകൃതവിദ്യാർത്ഥികളെ മിശ്രഭോജനത്തിൽ പങ്കെടുപ്പിക്കാമെന്നു തീരുമാനിച്ചു, 12 പേർ കയ്യൊപ്പട്ട വെച്ച ഒരു നോട്ടീസ് പുറത്തിറക്കി. തീരുമാനിച്ച ദിവസം, അവിടെ ഒരു സമ്മേളനം നടത്തിയശേഷം തയ്യാറാക്കിയ ഭക്ഷണം ഈ വിദ്യാർത്ഥികളുടെ കൂടെ ഇരുന്ന് അയ്യപ്പനും സുഹൃത്തുക്കളും കഴിച്ചു. ചെറായിയിലെ സാമുദായികജീവിതത്തിൽ പുതിയ ശക്തിവിശേഷങ്ങൾക്കു മിശ്രഭോജനം കാരണമായി. അതോടുകൂടി ‘പുലയനയ്യപ്പൻ’ എന്ന വിശേഷണം കൂടി അദ്ദേഹത്തിനു കിട്ടി. അത്യന്തം അഭിമാനത്തോടെയാണ് പുലയനയ്യപ്പൻ എന്ന പേര് അദ്ദേഹം സ്വീകരിച്ചത്.
അയ്യപ്പൻ തുടങ്ങിവെച്ച ജാതിനശീകരണപ്രസ്ഥാനം യാഥാസ്ഥിതികരുടെ ക്രൂരവും സംഘടിതവുമായ എതിർപ്പിനെ നേരിടേണ്ടിവന്നു. മിശ്രഭോജനത്തിൽ പങ്കെടുത്തവരെ ചെറായിയിലെ ഈഴവരുടെ സംഘടനയായ വിജ്ഞാനവർദ്ധിനിസഭയിൽ നിന്ന് പുറത്താക്കി. അവർക്ക് സമുദായഭ്രഷ്ട് കല്പിച്ചു. മിശ്രഭോജനത്തിൽ പങ്കെടുത്തവരെ പല വീട്ടിലും കയറ്റാതായി. വിജ്ഞാനവർദ്ധിനി സഭയുടെ നേതാക്കൾ അയ്യപ്പനെ നാടുകടത്തണം എന്ന ആവശ്യവുമായി മഹാരാജാവിനെ സമീപിച്ചു. തീണ്ടൽ മുതലായ കാര്യങ്ങളിൽ അയ്യപ്പൻ നടത്തുന്ന പുരോഗനമപരമായ കാര്യങ്ങളെ പിന്തുണക്കാനാണ് രാജാവ് നിവേദകസംഘത്തോട് പറഞ്ഞത്, കൂടാതെ തന്നെ ബോധിപ്പിക്കാനുള്ള കാര്യങ്ങൾ അയ്യപ്പൻ മുഖാന്തരം അറിയിച്ചാൽ മതിയെന്നും ഉത്തരവിട്ടു.
ശ്രീനാരായണഗുരു മിശ്രഭോജനത്തിന് അനുകൂലിയല്ല എന്ന് വരുത്തി തീർക്കാനായി യാഥാസ്ഥിതികരായ ചിലർ ഒരു ശ്രമം നടത്തിനോക്കി. കുപ്രചരണം ശക്തിപ്പെട്ടപ്പോൾ അയ്യപ്പൻ സംശയനിവർത്തിക്കായി ഗുരുവിനെ സമീപിച്ചു. ഇതിനെ അനുകൂലിക്കുന്നുവെന്നും, വലിയൊരു പ്രസ്ഥാനമായി വളരുമെന്നും പറഞ്ഞ് സ്വാമി അയ്യപ്പനെ പ്രോത്സാഹിപ്പിക്കുകയും ഒരു സന്ദേശം സ്വന്തം കൈപ്പടയിൽ എഴുതി നൽകുകയും ചെയ്തു. ‘മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവും ഇല്ല” എന്നായിരുന്നു അദ്ദേഹം എഴുത് നൽകിയത്. ആ മഹാസന്ദേശത്തിന്റെ ആയിരക്കണക്കിന് കോപ്പികൾ ചെറായിലും പരിസരപ്രദേശത്തും അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടു.
1917ലാണ് അദ്ദേഹം സഹോദരസംഘം സ്ഥാപിക്കുന്നത്. മിശ്രവിവാഹവും മിശ്രഭോജനവും വഴി ജാതി നശീകരണമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ‘സഹോദരപ്രസ്ഥാനം’ വഴി അയ്യപ്പൻ കേരളത്തിൽ പരിവർത്തനത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. അദ്ദേഹം സഹോദരനയ്യപ്പൻ എന്നറിയപ്പെട്ടത് ഈ കാരണങ്ങളാലാണ്.
വളരെപെട്ടെന്നു തന്നെ സഹോദരസംഘത്തിന്റെ ശാഖകൾ രാജ്യത്തിന്റെ പലഭാഗത്തും തുടങ്ങുകയും എല്ലായിടത്തും, മിശ്രഭോജനവും, ജാതിവിരുദ്ധപ്രസംഗങ്ങളും സംഘടിപ്പിക്കുകയും ചെയ്തത് അയ്യപ്പൻ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാൻ എല്ലായിടത്തും വൻജനക്കൂട്ടം തന്നെയുണ്ടാവുമായിരുന്നു.. മിക്കയിടങ്ങളിലും, സവർണ്ണപ്രമാണികളിൽ നിന്നും എതിർപ്പുകളും, മർദ്ദനങ്ങൾ തന്നെയും നേരിടേണ്ടി വന്നു. തന്നെ എതിർക്കുന്നവരെ കാര്യം പറഞ്ഞു മനസ്സിലാക്കി അനുയായിയാക്കുന്ന ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
1919-ലാണ് അദ്ദേഹം മട്ടാഞ്ചേരിയിൽ നിന്ന് ‘സഹോദരൻ’ എന്ന പേരിൽ പത്രം ആരംഭിക്കുന്നത്. 1956 വരെ അതുപ്രവർത്തിച്ചു. കേരളീയപത്രപ്രവർത്തന ചരിത്രത്തിൽ ഉജ്ജ്വലമായൊരു അദ്ധ്യായമാണ് ‘സഹോദരൻ’ പത്രത്തിന്റെ പ്രവർത്തനം. കേൾക്കുന്ന സമയത്തുമാത്രമേ പ്രസംഗങ്ങൾക്ക് ആളുകളുടെ ഇടയിൽ സ്വാധീനം ചെലുത്തുവാൻ കഴിയുകയുള്ളുവെന്നും സാവധാനത്തിൽ അത് കെട്ടടങ്ങുമെന്നും അയ്യപ്പനറിയാമായിരുന്നു. വ്യക്തികളുടെ ചിന്തയിൽ സ്ഥായിയായ മാറ്റങ്ങൾ ഉണ്ടാവണമെങ്കിൽ അത് പ്രസിദ്ധീകരണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു എന്ന തിരിച്ചറിവാണ് പത്രം തുടങ്ങാനായി അയ്യപ്പനെ പ്രേരിപ്പിച്ചത്. വൻസാമ്പത്തിക ബാധ്യതകൾ സഹിച്ചുകൊണ്ടാണ് ‘സഹോദരൻ’ പത്രം ഓരോ ആഴ്ച്ചയും പ്രസിദ്ധീകരിച്ചത്. രാജ്യത്തെ സാമൂഹിക ജീവിതത്തിലും ചിന്താമണ്ഡലത്തിലും ‘സഹോദരൻ’ പത്രം നൽകിയ സംഭാവന അമൂല്യമാണ്. തൊഴിലാളി പ്രസ്ഥാനത്തിലും സഹോദരൻ അയ്യപ്പൻ പ്രവർത്തിച്ചിരുന്നു. മാർക്സിന്റെയും ലെനിനിന്റെയും മഹത്ത്വത്തെക്കുറിച്ചൊക്കെ കേരളത്തിലെ സാമാന്യജനങ്ങൾ ആദ്യം മനസ്സിലാക്കുന്നത് സഹോദരൻ അയ്യപ്പന്റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമാണ്. കേരളത്തിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ ആദ്യത്തെ ആചാര്യന്മാരിലൊരാളാണ് അദ്ദേഹം. യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രണേതാക്കളിൽ പ്രധാനിയും അദ്ദേഹമായിരുന്നു.
1928ൽ പ്രസിദ്ധീകരണം ആരംഭിച്ച യുക്തിവാദി മാസികയുടെ ആദ്യ പത്രാധിപരും അദ്ദേഹം തന്നെയായിരുന്നു.
നാരായണഗുരുവിന്റെ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, കേരളത്തിലെ ജാതിനശീകരണപ്രസ്ഥാനത്തിന് തുടക്കമിട്ട അയ്യപ്പന് നിയമസഭാസാമാജികനായും ജനങ്ങളെ സേവിച്ചിരുന്നു. ജാതിയും മതവും ദൈവവും മനുഷ്യന് വേണ്ട എന്ന ആഹ്വാനം തന്റെ ജീവിതാന്ത്യം വരെ അദ്ദേഹം ജനങ്ങൾക്കു നൽകിയിരുന്നു. 1968 മാർച്ച് 6നാണ് ഹൃദ്രോഗബാധിതനായി അദ്ദേഹം അന്തരിച്ചത്. മലയാള നാടിൻ്റെ മാത്രമല്ല ഇന്ത്യയെന്നെ ബഹുസ്വര രാഷ്ട്രത്തിൻ്റെ കാവലാളായിരുന്ന പ്രീയ ‘സഹോദരനെ’ അഭിമാനപൂർവ്വം നമുക്ക് ഓർക്കാം.
Read more :
- കരിങ്കടലിൽ മറ്റൊരു റഷ്യൻ യുദ്ധക്കപ്പൽ കൂടി മുക്കിയതായി യുക്രെയ്ൻ
- പാലക്കാട് മദ്യലഹരിയിൽ അച്ഛനെ മഴു കൊണ്ട് വെട്ടിക്കൊന്ന് മകൻ
- ഗർഭച്ഛിദ്രം ഭരണഘടനാ അവകാശമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഫ്രാൻസ്
- ഇന്ത്യൻ സേനയും, ഉദ്യോഗസ്ഥരും ഉടൻ രാജ്യം വിടണം : കർശന നിലപാടുമായി മാലദ്വീപ് പ്രസിഡന്റ്
- രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്ന് ദിവസങ്ങൾക്ക് ശേഷം കർണാടക മുഖ്യമന്ത്രിക്ക് ഇമെയിലിൽ ബോംബ് ഭീഷണി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ