തിരുവനന്തപുരം: ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചത് കേന്ദ്ര വും കേരളവും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിന്‍റെ നടുവൊടിഞ്ഞെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരായ അഴിമതി അന്വേഷിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന ഉള്‍പ്പെടുത്തിയുള്ള 17 എ വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തതോടെ അഴിമതി നിരോധന നിയമം ദുര്‍ബലമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പ് അവഗണിച്ച് ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്ന ഭേദഗതിയാണ് കേരള സര്‍ക്കാര്‍ കൊണ്ടു വന്നതെന്നും സതീശൻ പറഞ്ഞു.
2023 നവംബര്‍ 28ന് രാഷ്ട്രപതിക്ക് അയച്ച ബില്‍ ഇത്രയും വേഗത്തില്‍ പാസാക്കി തിരിച്ചയച്ചത് അത്ഭുതകരമാണ്. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഒരു അണ്ണന്‍ – തമ്പി ബന്ധം ഇപ്പോഴുമുണ്ട്. അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതാക്കുന്നതില്‍ മുഖ്യമന്ത്രിക്കും കേരളത്തിലെ സിപിഎമ്മിനും കേന്ദ്രത്തിലെ സംഘപരിവാറുമായി ഉണ്ടെന്നത് വ്യക്തമാക്കുന്നതാണ് ലോകായുക്ത ബില്‍ രാഷ്ട്രപതി ഒപ്പുവച്ച സംഭവം. കേരളത്തിലെ സിപിഎം കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന് മേല്‍ വന്‍സമ്മര്‍ദ്ദം ചെലുത്തിയാണ് രാഷ്ട്രപതിയുടെ അനുമതി വാങ്ങിയതെന്നും വിഡി സതീശൻ ആരോപിച്ചു.
ആർക്കും ഏത് രീതിയിലുള്ള അഴിമതിയും നടത്താം. ചോദ്യം ചെയ്യാൻ സംവിധാനങ്ങൾ ഇല്ലാതായെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിലും സതീശൻ പ്രതികരിച്ചു. ക്രൂരമായ കൊലപാതകമാണ് നടന്നത്. കേട്ടുകേൾവി ഇല്ലാത്ത രീതിയാണിത്. എസ്എഫ്ഐ പ്രവർത്തകരെ സംരക്ഷിക്കാൻ സർക്കാരിന്റെയും പൊലീസിന്റെയും നീക്കം നടക്കുകയാണ്.
കേരളം കണ്ട ഏറ്റവും വലിയ ക്രിമിനൽ സംഘമായി എസ്എഫ്ഐ മാറിയെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സന്തുലിതാവസ്ഥ പാലിച്ചായിരിക്കും സ്ഥാനാർത്ഥിനിർണയമെന്ന് വ്യക്തമാക്കിയ വി ഡി സതീശൻ മൂന്നാം തീയതിയോടെ അന്തിമ പട്ടികയായേക്കുമെന്നും വ്യക്തമാക്കി
















