തിരുവനന്തപുരം: രാഷ്ട്രപതിയുടെ തീരുമാനത്തിന് വിട്ട മൂന്നു ബില്ലുകൾ തടഞ്ഞുവച്ചതായി രാജ്ഭവൻ. ഗവർണറെ സർവകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കുന്ന ബില്ലടക്കം മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു തടഞ്ഞുവെച്ചതായി രാജ്ഭവന്‍ പുറത്തിറക്കിയ വാർത്താക്കുറപ്പിൽ പറയുന്നു.

ഭേദഗതി ചെയ്ത കേരള സര്‍വകലാശാല നിയമങ്ങള്‍ ( ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കം ചെയുന്ന ബിൽ) അടങ്ങുന്ന ബിൽ 2022, സര്‍വകലാശാല നിയമ ഭേദഗതി ബിൽ 2022, സര്‍വകലാശാല ഭേദഗതി ബിൽ 2021 എന്നിവയാണ് രാഷ്ട്രപതി ഭവൻ തടഞ്ഞുവച്ചത്. അതേസമയം, എന്നാല്‍ നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. ലോക്പാല്‍ ബില്ലിന് സമാനം എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചിരിക്കുന്നത്.
ഗവർണർ തടഞ്ഞുവച്ച ലോകായുക്ത ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയത് നേട്ടമായി സർക്കാർ ഉയർത്തിക്കാട്ടുമ്പോഴാണ് പുതിയ വിവരങ്ങൾ പുറത്ത് വിടുന്നത്. ഒരു ബില്ല് സർക്കാരിന് അനുകൂലമായി അംഗീകാരം നൽകിയപ്പോൾ 3 ബില്ലുകൾ രാഷ്ട്രപതി തടഞ്ഞുവച്ചിരിക്കുകയാണ്.
ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേർച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നിവയാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി വിട്ടിരുന്നത്.
നിയമസഭ പാസാക്കിയ ഏഴു ബില്ലുകളില്‍ ഒപ്പിടാതിരുന്ന ഗവര്‍ണറുടെ നിലപാടിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ലോകായുക്ത ബില്ലടക്കം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 2023 നവംബറില്‍ രാഷ്ട്രപതിക്ക് അയച്ചത്. ഗവർണർ പിടിച്ചുവച്ച 8 ബില്ലുകളിൽ പൊതുജനാരോഗ്യ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചശേഷം ശേഷിക്കുന്നവരാഷ്ട്രപതിയുടെ പരിഗണനക്ക് വിടുകയായിരുന്നു.
















