കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം. തരം തിരിക്കാതെ കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. രണ്ടിടങ്ങളിൽ തീപിടുത്തം ഉണ്ടായി. ഫയർഫോഴ്സ് സംഘം എത്തി തീയണച്ചതായിട്ടാണ് റിപ്പോർട്ടുകൾ. നാല് യൂണിറ്റ് സ്ഥലത്തെത്തി മണിക്കൂറുകൾക്ക് ശേഷമാണ് തീയണച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് പുഴയ്ക്ക് സമീപമാണ് ആദ്യ തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നുണ്ട്. നാല് ദിവസമായി മാലിന്യ കൂമ്പാരം പുകയുകയായിരുന്നു. പുക അണയ്ക്കാൻ 2 ഫയർ ഫോഴ്സ് യൂണിറ്റുകൾ 24 മണിക്കൂറും പ്ലാന്റിൽ തുടർന്നിരുന്നു. ഇതിനിടെയാണ് തീ വ്യാപിച്ചത്.ചൂട് കടുത്തതോടെ പലയിടങ്ങളിലും തീ പിടിക്കുന്നത് തുടർ സംഭവമായി മാറുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
നേരത്തേ, 2023 മാർച്ച് 2 ന് ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ വൻ തീപിടിത്തമുണ്ടായിരുന്നു. തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൻ്റെ പ്രധാന ഭാഗങ്ങൾ പുകയിൽ മുങ്ങി.കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിന് പിന്നിലെ ചതുപ്പ് പ്രദേശത്താണ് തീ പടർന്നത് , പുക നഗരത്തിൽ കിലോമീറ്ററുകളോളം വ്യാപിച്ചു.
ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റ് മേഖലയിലെ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് കൊച്ചി കോർപ്പറേഷന് 1.8 കോടി രൂപ പിഴ ചുമത്തിയിരുന്നു. പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചതുമൂലം വൻ പാരിസ്ഥിതിക ആഘാതമാണുണ്ടായതെന്ന് വിലയിരുത്തിയായിരുന്നം തീരുമാനം.
















