തിരുവനന്തപുരം: നിയമസഭാ സെക്രട്ടറി പാനലിലേക്ക് വനിതകൾ മാത്രം തെരഞ്ഞെടുത്ത് വീണ്ടും ചരിത്രം കുറിച്ച് സ്പീക്കർ എ.എൻ.ഷംസീർ. സഭ നിയന്ത്രിക്കാൻ വനിതാ അംഗങ്ങളെ പരിഗണിച്ച് കേരള നിയമസഭ ചരിത്രം സൃഷ്ടിച്ചിരുന്നു. സ്പീക്കറുടെ നിർദേശപ്രകാരം ഭരണ- പ്രതിപക്ഷ പാർട്ടികൾ വനിതകളെ മാത്രമാണ് അന്ന് നിർദ്ദേശിച്ചിരുന്നത്. ഭരണപക്ഷത്തു നിന്ന് സിപിഎമ്മിലെ യു പ്രതിഭ, കാനത്തിൽ ജമീല, സിപിഐയിലെ സി.കെ. ആശ എന്നിവരും പ്രതിപക്ഷ നിരയിൽ നിന്നും ആർഎംപി നേതാവ് കെ.കെ. രമ, കോൺഗ്രസ് നേതാവ് ഉമ തോമസ് എന്നിവരാണ് സഭ നിയന്ത്രിച്ച് ചരിത്രത്തിൻ്റെ ഭാഗമായതിന്. അതിന് ശേഷം മൂന്ന് വനിതകളെ മാത്രം നിയമസഭാ സെക്രട്ടറി പാനലിൽ ഉൾപ്പെടുത്തിയാണ് സ്പീക്കർക്ക് ലിസ്റ്റ് സമർപ്പിച്ചിരിക്കുനത്.

സംസ്ഥാന നിയമസഭാ ചരിത്രത്തിലാദ്യമായാണ് സെക്രട്ടറി തെരഞ്ഞെടുപ്പ് പാനലില്‍ മുഴുവനും വനിതകളാകുന്നത്. ഡോ. ലക്ഷ്മി നായർ, നിയമ മന്ത്രി മന്ത്രി പി. രാജീവിന്റെ ഭാര്യ വാണി കേസരി, കൊല്ലം ലേബർ ട്രിബ്യൂണലിലെ പ്രിസൈഡിംഗ് ഓഫിസർ ജ്യോതി എന്നിവരാണ് പാനലിലുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചന നടത്തിയതിന് ശേഷം ഇവരിൽ ഒരാളെ നിയമസഭ സെക്രട്ടറിയായി സ്പീക്കർതെരഞ്ഞെടുക്കും. നിയമസഭ നിയമന ചട്ടം 4 പ്രകാരമാണ് നിയമസഭ സെക്രട്ടറിയുടെ നിയമനം. നിയമസഭ സെക്രട്ടറിയായ എ.എം ബഷീര്‍ തിരികെ ജുഡിഷ്യല്‍ സര്‍വീസിലേക്ക് പോയതോടെയാണ് നിയമസഭ സെക്രട്ടറിയുടെ ഒഴിവ് വന്നത്.

ലോ അക്കാദമിയുടെ റിസര്‍ച്ച് വിഭാഗമായ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിന്റെ മേധാവിയാണ് ഡോ. ലക്ഷ്മി നായര്‍. കുസാറ്റ് നിയമ വിഭാഗം മേധാവിയാണ് മന്ത്രി പി രാജീവിന്റെ ഭാര്യ ഡോ. വാണി കേസരി. കോലിയക്കോട് കൃഷ്ണന്‍ നായരുടെ അനന്തരവനായ ഡോ. എന്‍.കെ. ജയകുമാറിനെ കേരള യൂണിവേഴ്‌സിറ്റി നിയമ വിഭാഗം മേധാവി ആയിരുന്നപ്പോള്‍ നിയമസഭ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഈ മാതൃകയിലാണ് ലക്ഷ്മിയുടേയും വാണിയുടേയും പേരുകള്‍ പരിഗണിക്കുന്നത്. നിലവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് മറ്റ് രണ്ട് പേരുകൾ ഉയർത്താൻ സാധ്യതയുള്ള വിവാദങ്ങൾ പരിഗണിച്ച് ജ്യോതിയെ ഷംസീർ തെരഞ്ഞെടുക്കാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം.

നിയമസഭ സെക്രട്ടറിയായി എ.എം ബഷീറിനെ നിലനിർത്താൻ സ്പീക്കർ ശ്രമിച്ചിരുന്നു. കോടതികളില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ ക്ഷാമം ചൂണ്ടികാട്ടി ഹൈക്കോടതി നിലപാടെടുത്തതോടെ ബഷീറിന് മടങ്ങേണ്ടി വന്നു. തുടര്‍ന്നാണ് ഐഎഎസ്കാരേയോ ലോ പ്രൊഫസറയോ നിയമിക്കാനുള്ള ആലോചന ഉണ്ടായത്.
















