തൃശ്ശൂർ: മൂന്നു മുന്നണികൾക്കും പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂർ മണ്ഡലം. ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മൂന്നു മുന്നണികളും ചുമരെഴുത്തും പോസ്റ്റോറോട്ടിക്കലും തുടങ്ങി കഴിഞ്ഞു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സീറ്റ് നിലനിർത്തുകയാണ് ലക്ഷ്യം. കഴിഞ്ഞതവണ 94000 വോട്ടുകൾ ആണ് ഭൂരിപക്ഷം. പിണറായി വിജയൻ സർക്കാരിന്റെ ഭരണ പാളിച്ചകൾ കൂടി കണക്കിലെടുക്കുമ്പോൾ ഇത് കൂടുമെന്നാണ് കോൺഗ്രസിന്റെ വിശ്വാസം. നിലവിൽ കാര്യമായ ഗ്രൂപ്പ് വഴക്കുകൾ ഇല്ല എന്നതും താഴെത്തട്ടിൽ പാർട്ടി സജീവമായെന്നും കോൺഗ്രസ് വിശ്വസിക്കുന്നു. ഇതെല്ലാം വച്ചുനോക്കുമ്പോൾ കാര്യമായ വിയർക്കൽ ഇല്ലാതെ മണ്ഡലം പിടിക്കാം എന്ന വിശ്വാസമാണ് കോൺഗ്രസിന് ഉള്ളത്.
സഹകരണ ബാങ്കുകളിലെ കൂട്ടത്തല്ലും വിമതരുടെ വിജയവും കോൺഗ്രസ് നേരിടുന്ന പ്രശ്നമാണ്. മുതിർന്ന നേതാക്കൾക്ക് പകരം രണ്ടാം നിര വന്നപ്പോൾ പരസ്പര സഹകരണവും നീക്കുപോക്കുകളും കുറയുകയും ചെയ്തിട്ടുണ്ട്. ഒപ്പം യുവതലമുറയിലെ ഒരു വിഭാഗം നിശബ്ദമാവുകയും ചെയ്തു. ഇവരെ ബൂത്തിലെത്തിക്കുക എന്നത് കോൺഗ്രസിനെ കയറേണ്ട വലിയ പടവുകൾ തന്നെയാണ്.
ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ ആകെയുള്ളത് ഒരു എംഎൽഎയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുറവാണ്. ഇതെല്ലാം ഉണ്ടാക്കുന്ന ക്ഷീണം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അത്ര ചെറുതാകില്ല.
എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം സിപിഎമ്മിനും സിപിഐക്കും ശക്തമായ സംഘടന സംവിധാനമുള്ള ജില്ലയാണിത്. അടിത്തട്ടിൽ നല്ല പ്രവർത്തകരുമുണ്ട്. സിപിഎം സിപിഐ പോരാട്ടം തീരെ ഇല്ലാതാക്കാനായി എന്നതും നേട്ടമാണ്. ഭരണത്തിന്റെ ശക്തി ഉപയോഗിച്ച് വികസന പ്രവർത്തനേക്കാളും ഉപരി വ്യക്തിഗത സേവനം താഴെത്തട്ടിൽ എത്തിക്കുക എന്നതായിരുന്നു സിപിഎം തന്ത്രം.
അതേസമയം ഭരണത്തിന്റെ പാളിച്ചയും കരുവന്നൂർ അടക്കമുള്ള സഹകരണ ബാങ്കുകളുടെ അഴിമതിയും എൽഡിഎഫിന് മുന്നിലെ പ്രധാന തടസ്സമാണ്. സിപിഎമ്മിന്റെ നേതാക്കൾ പലരും പ്രതികളാണ്. കരിവഞ്ഞൂർ സംഭവത്തിൽ സ്വയം പ്രതിരോധിക്കാൻ പോലുമുള്ള കരുത്ത് ഇനിയും സിപിഎം നേടിയിട്ടില്ല. ഇ ഡി യുടെ ചോദ്യങ്ങൾക്ക് ഉള്ള മറുപടി കൃത്യമായി പൊതുജനത്തിനോട് നൽകാൻ അവർക്ക് ആകുന്നില്ല. രാഷ്ട്രീയപക എന്നാണ് ഇപ്പോഴും പറയുന്നത്. ശബരിമലയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ അടക്കമുള്ള ഭരണവിരുദ്ധ വികാരത്തിന് എൽഡിഎഫും പ്രത്യേകിച്ച് സിപിഎമ്മും മറുപടി പറയേണ്ടി വരും.
ബിജെപിയെ സംബന്ധിച്ചിടത്തോളം തൃശ്ശൂർ സ്വപ്നമാണ്. ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കുന്ന മണ്ഡലമായി അവർ തൃശ്ശൂരിനെ ഉയർത്തിയിരിക്കുന്നു. പ്രധാനമന്ത്രി അടക്കമുള്ളവർ സ്ഥിരം സന്ദർശകരായതും അതുകൊണ്ടുതന്നെയാണ്. കേരളത്തിലെക്കുള്ള ഗോപുര വാതിലാണ് തൃശ്ശൂര് എന്നവർ പ്രതീക്ഷിക്കുന്നു. കേന്ദ്രസർക്കാരിലൂടെ ഉണ്ടായ സാമ്പത്തിക വളർച്ചയും ദേശീയപാതകളും ആരോഗ്യ പെൻഷൻ പദ്ധതികളുമാണ് ബിജെപിയുടെ പ്രചരണായുധം.
ഏറ്റുമാദ്യം തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കളത്തിലിറങ്ങിയത് ബിജെപിയാണ്. അത് വളരെ ചിട്ടയോടെ ആണ് താനും. പുതിയ വോട്ടർമാരെ പിടിക്കാനായി മാത്രം സംവിധാനം ഏർപ്പെടുത്തുക പോലും ചെയ്തിട്ടുണ്ട്. ഒരു ബൂത്തിൽ 50 വോട്ട് കൂടുതൽ കിട്ടിയാൽ വിജയിക്കും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. മുകൾത്തട്ടിലെ സംഘടന സംവിധാനം ശക്തമെങ്കിലും പലയിടത്തും പാളിച്ചുകളുണ്ട്. ന്യൂനപക്ഷ വോട്ടുകളിലേക്ക് കടന്നു കയറാതെ വിജയിക്കുക എളുപ്പമല്ല.
Read more ….
- അക്ബർ, സീത വിവാദം: സിംഹത്തിന് പേര് നല്കിയതിന് ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
- ഗ്യാൻവാപിയിലെ ഹിന്ദുമതാരാധന; അലഹാബാദ് ഹൈക്കോടതി വിധി ഇന്ന്
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
- ഹമാസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ
- ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാൻ കെ സുധാകരൻ
അതിനായി നടത്തുന്ന കഠിനാധ്വാനം എവിടെയെത്തുമെന്ന് കണ്ടറിയണം. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ പോലും കാര്യമായ ജനമുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ അത് വോട്ടാക്കി മാറ്റുക എന്നതും എളുപ്പമല്ല. കോൺഗ്രസിനെ ആണോ എൽഡിഎഫിനെ ആണോ കൂടുതൽ എതിർക്കേണ്ടതെന്ന ആശയക്കുഴപ്പം ഇപ്പോഴും ബാക്കിയാണ്. പിണറായി വിജയനോട് കാര്യമായ എതിർപ്പ് ബിജെപിക്കില്ല എന്ന ആരോപണത്തിന് മറുപടി നൽകേണ്ടതുണ്ട്. നവ കേരളയാത്രയ്ക്കെതിരെ വളരെ പതിഞ്ഞ താളത്തിലാണ് പ്രതികരിച്ചിരുന്നത് എന്ന പരാതിക്കും മറുപടി പറയയേണ്ടി വരും. മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികൾക്കും പ്രതീക്ഷയുടെ കാലമാണ്. സംസ്ഥാനത്ത് മറ്റൊരിടത്തും മൂന്ന് കൂട്ടരും ഇതുപോലെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മണ്ഡലം ഉണ്ടാകില്ല.