തിരുവനന്തപുരം: വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് മാത്യു കുഴൽനാടൻ എംഎൽഎ. ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കരിമണൽ കമ്പിനിയായ സിഎംആർഎല്ലിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപ്പെട്ടതിൻ്റെ തെളിവുകളാണ് തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് എംഎൽഎ പുറത്ത് വിട്ടത്.
ഭൂപരിഷ്ക്കരണ നിയമത്തിൽ ഇളവ് തേടിയുള്ള അപേക്ഷയിൽ മുഖ്യമന്ത്രി ഇടപ്പെട്ടതിൻ്റെ തെളിവുകളാണ് മാത്യു പുറത്തുവിട്ടത്. ഇതിനായി മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചതിൻ്റെ മിനുട്ട്സിൻ്റെ പകർപ്പും മാത്യൂ മാധ്യമങ്ങൾക്ക് നൽകി. ഇതുവഴി തോട്ടപ്പള്ളിയിലെ ഖനനം സിഎംആർഎല്ലിന് അനുകൂലമാക്കി. റവന്യൂ വകുപ്പിനെ മറികടന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
കെആര്‍ഇഎംഎല്‍ വാങ്ങിയ തൃക്കുന്നപ്പുഴയിലെ 51 ഏക്കര്‍ ഭൂമിക്കായാണ് ഇടപെട്ടത്. തുടര്‍ന്ന് ജില്ലാ സമിതി ഇളവിനായി ലാന്‍ഡ് ബോര്‍ഡിന് ശുപാര്‍ശ നല്‍കി. കഴിഞ്ഞ ആയിരം ദിവസമായി തോട്ടപ്പള്ളിയിലെ ഖനനം സിഎംആര്‍എല്ലിനു അനുകൂലമായിട്ടാണ് നടക്കുന്നത്. ഇതുവരെ 40,000 കോടിയുടെ മണല്‍ ഖനനംചെയ്തെന്നും കുഴൽനാടൻ പറഞ്ഞു.
താൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉന്നയിച്ച മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയോ സിപിഎമ്മോ ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും കുഴൽനാടൻ പറഞ്ഞു.മൂന്ന് തവണ തൻ്റെ വകുപ്പല്ലാഞ്ഞിട്ടും മുഖ്യമന്ത്രി സിഎംആർഎല്ലിന് വേണ്ടി ഇടപ്പെട്ടു. തെളിവുകൾ പുറത്തുവിട്ടത്തും മുഖ്യമന്ത്രിക്ക് മറുപടിയില്ല.
മകളോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ എന്തിനാണ് വീണയെ ഇങ്ങനെ പൊതു സമൂഹത്തിൽ നാണം കെടുത്തുന്നതെന്നും കുഴൽനാടൻ ചോദിച്ചു.മാസപ്പടി വിവാദത്തിൽ മന്ത്രിമാരായ പി.രാജീവിനെയും എം.ബി. രാജിവിനേയും സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്നും മാത്യു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
















