കൊച്ചി: ഈ വർഷം നടക്കാൻ പോകുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ ട്വൻ്റി-20 മത്സരിക്കും. കേരളത്തെ രക്ഷിക്കാൻ ജനക്ഷേമവും നാടിന്റെ വികസനവും ലക്ഷ്യം വയ്ക്കുന്ന ട്വന്റി 20 പാർട്ടിക്കു മാത്രമേ സാധിക്കുകയുള്ളൂവെന്ന് സ്ഥാനാർത്ഥി പ്രഖ്യാപന വേളയിൽ സംസ്ഥാന പ്രസിഡന്റ് സാബു എംജേക്കബ് പറഞ്ഞു. ഇന്ന് വൈകിട്ട് കിഴക്കമ്പലം ട്വന്റി20 നഗറിൽ മഹാസംഗമത്തിലായിരുന്നു പ്രഖ്യാപനം.
ചാലക്കുടി, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളിലാണ് ട്വന്റി20 തെരഞ്ഞെടുപ്പ് പോരിനിറങ്ങുന്നത്. ചാലക്കുടിയിൽ അഡ്വ. ചാർലി പോളും (60), എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയുമാണ് (28) സ്ഥാനാർഥികൾ. 2012 മുതൽ മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവാണ് ചാർലി. എറണാകുളം – അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഐസിവൈഎം ദേശീയ പ്രസിഡന്റ്, ഐസിവൈഎം ദേശീയ ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളയാളാണ് ആന്റണി ജൂഡി. 2023 ഡിസംബറിൽ ദുബായിൽ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ നിരീക്ഷകനായി പങ്കെടുത്തു. 2023ൽ പോർച്ചുഗലിൽ നടന്ന ലോക യുവജനസമ്മേളനത്തിൽ ഇന്ത്യയുടെ പതാക വഹിച്ചത് ആൻ്റണി ജൂഡിയായിരുന്നു.
















