കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുള്ള കേരള ചര്‍ച്ച് (പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്) ബില്ലിൽ ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് ത്രിതീയൻ കതോലിക ബാവക്ക് ഉറപ്പ് നൽകി ഗവർണർ. സുപ്രീം കോടതി വിധിക്കു മേലെ ഏതെങ്കിലും നിയമം കേരള സർക്കാർ കൊണ്ടുവന്നാൽ അത് അംഗീകരിക്കരുതെന്ന് അദ്ദേഹം ഗവർണറോട് അഭ്യർത്ഥിച്ചിരുന്നു.
നിയമത്തെ അനുസരിക്കാൻ താനടക്കം എല്ലാവരും ബാധ്യസ്ഥരാണെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മറുപടി നൽകിയിരിക്കുന്നത്. നിയമത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നും അത് പാലിക്കുമെന്ന് ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നിയമസഭ പാസാക്കിയ നിരവധി ബില്ലുകൾ ഒപ്പിടാതെ പിടിച്ചു വെച്ചിരിക്കുന്ന ഗവർണർ ഈ വിഷയം ഉയർത്തി വീണ്ടും സർക്കാരിനെതിരെ പോർമുഖം തുറക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
മന്ത്രിമാരായ വീണാ ജോർജും വി.എൻ. വാസവനും വേദിയിലിരിക്കെയാണ് ബാവ ഗവർണറോട് ഈ അഭ്യർഥന നടത്തിയത്..എല്ലാ സമാധാന ചർച്ചകൾക്കും സഭ തയ്യാറാണ്. സഭയുടെ അസ്ഥിവാരം തകർക്കുന്ന നിയമങ്ങൾ കൊണ്ടുവരാൻ അനുവദിക്കില്ല എന്നും കത്തോലിക്ക ബാവ പറഞ്ഞു. ചർച്ച് ബില്ലിനെതിരെ കഴിഞ്ഞ ദിവസവും കത്തലിക്ക ബാവ രംഗത്ത് വന്നിരുന്നു.
ബിൽ അംഗീകരിച്ചുകൊണ്ട് സഭാതർക്കത്തിൽ സമവായം സാധ്യമല്ലെന്ന് ചർച്ച് ബില്ലുമായി മുഖ്യമന്ത്രി മുന്നോട്ടുപോകുമെന്ന് കരുതുന്നില്ലെന്നു മായിരുന്നു കഴിഞ്ഞ ദിവസം അദേഹം പ്രതികരിച്ചത്. അത്തരം ഉറപ്പാണ് സർക്കാരിലെ ഉന്നതസ്ഥാനത്തുള്ളവർ തന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്ത് സമാധാനനിർദേശമുണ്ടെങ്കിലും മുഖ്യമന്ത്രിക്ക് പറയാം. പ്രധാനമന്ത്രിയും സമവായത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു
















