കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് കിറ്റെക്സ് എംഡി സാബു എം ജേക്കബ്. തന്നെ അറസ്റ്റ് ചെയ്‌താൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ താൻ അകത്താക്കുമെന്നാണ് സാബുവിൻ്റെ വെല്ലുവിളി. അതിനുള്ള ആറ്റം ബോംബ് തന്റെ കൈവശമുണ്ട്. പല കേസുകളിൽ പെടുത്തി തന്നെ അറസ്റ്റ് ചെയ്ത് അകത്തിടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും സാബു ജേക്കബ് ആരോപിച്ചു.
തനിക്ക് ബിജെപിയുടെയോ സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ സീറ്റ് കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല. ബിജെപിക്കാരൻ സീറ്റ് വാഗ്ദാനം ചെയ്താൽ അത് കണ്ട് ചാടുന്നവനല്ല താൻ. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനേ ജീവിതത്തിൽ ഇന്നേ വരെ നേരിൽ കണ്ടിട്ടില്ലെന്നും സാബു വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ സമയക്ക് കോൺഗ്രസ്– സിപിഎം നേതാക്കൾ തൻ്റെ വീട്ടിൽ വന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ അഞ്ച് സീറ്റുകൾ ഓഫർ ചെയ്തിരുന്നതായും സാബു പറയുന്നു. മന്ത്രി പി രാജീവും സിപിഎം ജില്ലാ സെക്രട്ടറിയും അടക്കമുള്ള നേതാക്കൾ അഞ്ച് തവണ വീട്ടിൽ വന്ന് ചർച്ച ചെയ്തിട്ടുണ്ട്. ഇക്കാര്യം അവർ നിഷേധിച്ചാൽ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിടാമെന്നും സാബു ജേക്കബ് അറിയിച്ചു.
പിണറായി വിജയന്റെ കൂടെ എല്ലാ വിദേശ യാത്രക്കും താനും പോയിട്ടുണ്ട്. വിദേശത്തു ചികിത്സയിൽ കിടന്നപ്പോൾ മൂത്രമൊഴിപ്പിക്കാനും തിരികെ കിടത്താനും താനേ ഉണ്ടായിരുന്നുള്ളു. അതിന്റെ നന്ദി പിണറായി വിജയൻ കാണിച്ചില്ലെന്നും സാബു കുറ്റപ്പെടുത്തി.
















