കൊച്ചി: ലീഗിൻ്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ തീരുമാനമെടുക്കാൻ ആലുവ പാലസിൽ ചേർന്ന മുസ്ലിം ലീഗ് – കോൺഗ്രസ് ഉഭയകക്ഷി ചർച്ച പൂർത്തിയായി. ചർച്ച തൃപ്തികരമെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസുമായി ചർച്ചകൾ വീണ്ടും തുടരും. ഇന്നത്തെ ചർച്ചയുടെ വിശദാംശങ്ങൾ പാർട്ടി അധ്യക്ഷൻ സാദിഖലി തങ്ങളുമായിട്ടുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം അറിയിക്കാം എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, ഇന്നത്തെ ചർച്ചയിൽ അന്തിമ സമവായം ഉണ്ടായിട്ടില്ലെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. ഈ മാസം 27 ന് പാണക്കാട് ചേരുന്ന യോഗത്തിന് ശേഷം ചർച്ചയുടെ വിവരങ്ങൾ അറിയിക്കാം എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. ചർച്ചയിൽ മൂന്നാം സീറ്റ് ആവശ്യത്തിന് ബദലായി ലിഗിന് മുന്നിൽ ഉപാധിവച്ചെന്നാണ് സൂചനകൾ. ഈ ഒത്ത് തീർപ്പ് ചർച്ച സാദിഖലി തങ്ങും നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്തതിന് ശേഷം കോൺഗ്രസിനെ അറിയിക്കാം എന്ന നിലപാടാണ് ലീഗ് സ്വീകരിച്ചിരിക്കുന്നത്. അതാണ് ഇന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടും പറഞ്ഞത്.
അതേ സമയം, ഈ വർഷം ജൂണിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നൽകാം എന്നതാണ് കോൺഗ്രസ് ലീഗിന് മുന്നിൽവച്ച പ്രധാന ഉപാധി. 2026ൽ ലീഗിൻ്റെ രാജ്യസഭാംഗം അബ്ദുൾ വഹാബ് ഒഴിയുമ്പോൾ ആ സീറ്റ് കോൺഗ്രസിന് തിരികെ നൽകണം. രാജ്യസഭയിൽ ലീഗിന് എപ്പോഴും രണ്ട് അംഗങ്ങളുണ്ടാകുന്ന സാഹചര്യം ഉറപ്പാക്കുമെന്നും കോൺഗ്രസ് നേതാക്കൾ ലീഗിന് ഉറപ്പുനൽകി.
സാമുദായിക ധ്രുവീകരണങ്ങളില്ലാതെ തീരുമാനങ്ങളുണ്ടാകണമെന്നും കോൺഗ്രസ് നേതാക്കൾ ലീഗിനിനോട് അഭ്യത്ഥിച്ചു. മൂന്നാം സീറ്റ് ലീഗിന് നൽകിയാൽ അത് മുന്നണിക്ക് ക്ഷീണമുണ്ടാക്കും. അത് ആഘോഷിക്കുന്ന സ്ഥിതിയുണ്ടാകരുതെന്നും കോൺഗ്രസ് ലീഗ് നേതാക്കളെ അറിയിച്ചതായിട്ടാണ് സൂചന.
















