കൊച്ചി: കോൺഗ്രസിൻ്റെ സമരാഗ്നി പരിപാടിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനെ കെപിസിസി പ്രസിഡൻ്റ് അസഭ്യം വിളിച്ചതിനെ പരിഹസിച്ച് മന്ത്രി പി രാജീവ്. ഭരണപക്ഷം വി.ഡി. സതീശനെ ബഹുമാന്യനായ പ്രതിപക്ഷ നേതാവെന്നേ നിയമസഭയിൽ വിളിക്കാറുള്ളൂവെന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
മൈക്ക് ഓണല്ലേ എന്ന പരിഹാസത്തോടെയാണ് രാജീവ് തുടങ്ങിയത്. കോൺഗ്രസ് പാർട്ടി എത്തിച്ചേർന്ന അവസ്ഥയാണിത് വ്യക്തമാക്കുന്നത്. രണ്ടു പേരും ഒരുമിച്ചുള്ള ഐക്യത്തിന്‍റെ മഹനീയത മുമ്പൊരു അഭിമുഖത്തിൽ കണ്ടതാണ്. ജനങ്ങൾ എല്ലാം കണ്ടു കൊണ്ടിരിക്കുകയാണെന്നും പി. രാജീവ് പരിഹസിച്ചു.
യഥാർഥത്തിൽ മുസ്ലിം ലീഗിന് ആറ് സീറ്റ് ചോദിക്കാവുന്നതാണ്. എന്നാൽ, വിനയം കൊണ്ട് അവർ മൂന്നേ ചോദിക്കുന്നുള്ളൂ. യുഡിഎഫ് ബന്ധം ലീഗിന് ബാധ്യതയാണെന്നും പി. രാജീവ് അഭിപ്രായപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്താൻ 20 മിനിട്ടോളം വി.ഡി.സതീശൻ വൈകിയതാണ്കെപിസിസി പ്രസിഡൻ്റിനെ പ്രകോപിച്ചത്. തുടർന്നാണ് സുധാകരൻ തെറി പ്രയോഗവുമായി തൻ്റെ നീരസം പ്രകടിപ്പിച്ചത്. ‘ഒന്ന് വിളിച്ച് നോക്കാന്‍ പറ, ഇയാൾ എവിടെയെന്ന്. ഇയാള്‍ എന്ത്…( അസഭ്യം) പത്രക്കാരോട് പറഞ്ഞിട്ട് എന്തൊരു മോശമാണിത്’ -സുധാകരന്‍ ചോദിച്ചു.
ഇതോടെ ഷാനിമോള്‍ ഉസ്മാന്‍ ഇടപെട്ടു. മൈക്ക് ഓണ്‍ ആണെന്ന് ഷാനിമോള്‍ ഉസ്മാനും പ്രസിഡന്റേ, ക്യാമറയും ഓണാണെന്ന് ബാബു പ്രസാദും ഓര്‍മിപ്പിച്ചു. ഇതോടെ സുധാകരന്‍ പിൻമാറി. പിന്നീട് സതീശന്‍ എത്തിയ ശേഷം അദ്ദേഹത്തോട് സുധാകരന്‍ നീരസം കാട്ടിയില്ല. ഇരുവരും പരസ്പരം സംസാരിക്കുകയും ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു.
ഏതാനും മാസങ്ങൾക്ക് മുൻപ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ആദ്യം ആര് സംസാരിക്കണം എന്നത് സംബന്ധിച്ച് സുധാകരനും സതീശനും തമ്മിലുള്ള ഭിന്നത വലിയ വിവാദമായിരുന്നു. വാര്‍ത്തസമ്മേളനത്തിൽ മൈക്കിനും കാമറയ്ക്കും മുന്നിൽവെച്ച് സുധാകരനും സതീശനും അടിപിടിക്ക് സമാനമായ സംഭവമാണ് ഇന്നും ഉണ്ടായത്.
















