തിരുവനന്തപുരം: കേരളത്തിൽ പ്ലസ് വൺ പാഠപുസ്തകത്തിൽ ഭരണഘടനാവിരുദ്ധമായ പാഠഭാഗങ്ങൾ. പ്ലസ് വൺ ഹ്യുമാനിറ്റിസ് വിഭാഗത്തിലെ ‘സാമൂഹ്യ പ്രവർത്തനം’ എന്ന വിഷയത്തിലെ ഭാഗങ്ങളാണ് ഇപ്പോൾ വിവാദത്തിലായത്. സോഷ്യൽ വർക്ക് വിഷയം ഓപ്ഷനായി എടുത്ത കുട്ടികൾക്കായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്സിഇആർടി) 2019ൽ തയ്യാറാക്കിയതാണ് ഈ പുസ്തകം. ഇംഗ്ലീഷ്, മലയാളം മീഡിയം കുട്ടികളെ കഴിഞ്ഞ അഞ്ചു വർഷമായി ഈ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നുണ്ട്.
ഭരണ, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ പിന്നാക്ക, ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പുവരുത്താൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്ന സാമുദായിക സംവരണത്തിനെതിരെയാണ് പാഠപുസ്തകത്തിലെ പരാമർശം.
വിദ്യാർത്ഥികളിൽ വർഗീയത ഇല്ലാതാക്കാനും അതിനെതിരെ അവബോധം സൃഷ്ടിക്കാനും ഉൾപ്പെടുത്തിയിട്ടുള്ള പാഠഭാഗത്തിലാണ് ഭരണഘടനാ വിരുദ്ധത. വർഗീയത ഇല്ലാതാക്കാൻ സാമുദായിക സംവരണത്തിനു പകരം സാമ്പത്തിക സംവരണം കൊണ്ടുവരണമെന്നാണ് പുസ്തകത്തിലുള്ളത്. സാമുദായിക സംവരണത്തിനെതിരെയുള്ള ഭാഗം തിരുകിക്കയറ്റിയതിന് പിന്നിൽ പിന്നിൽ സവർണ ഉദ്യോഗസ്ഥ ലോബിയാണെന്നാണ് ആക്ഷേപം.

വർഗീയത കാരണമുണ്ടാകുന്ന വിപത്ത് നിയന്ത്രിക്കുന്നതിനുള്ള എട്ട് പരിഹാര മാർഗങ്ങളുടെ കൂട്ടത്തിലാണ് അഞ്ചാമതായി സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ നിർദേശിക്കുന്നത്. നിയമ വിരുദ്ധ പാഠഭാഗങ്ങൾ എസ്സിഇആർ.ടിയുടെ ഇംഗ്ലീഷ് പുസ്തകത്തിൽനിന്നും വെബ് സൈറ്റിൽനിന്നും ഉടൻ നീക്കം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണമെന്ന് സംസ്ഥാന പിന്നാക്കവികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി ആവശ്യപ്പെട്ടു.

‘പുരോഗമന’ ഇടതു സർക്കാർ തയ്യാറാക്കിയ പാഠപുസ്തകത്തിലാണ് ഈ പരാമർശമെന്ന് ആക്ടിവിസ്റ്റ് സുദേഷ് എം. രഘു പറഞ്ഞു. പാഠപുസ്തകങ്ങളിലൂടെയും സവർണതാത്പര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദ പാഠഭാഗത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വ്യാപക പ്രതിഷേധമാണുയരുന്നത്.
















