ജറുസലെം: ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 40 ഫലസ്തീനികൾ കൊല്ലപ്പെട്ടു. റഫയിലും നുസൈറാത്ത് ക്യാമ്പിലും വീടുകൾ കേന്ദ്രീകരിച്ചാണ് ഇസ്രായേലിന്‍റെ വ്യോമാക്രമണമുണ്ടായത്. 40 പേർ കൊല്ലപ്പെട്ടതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. മരണസഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ പറയുന്നത്. ആക്രമണത്തിൽ 100ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നഗരങ്ങൾക്കുപുറമേ കൂടുതൽ ഗ്രാമീണ മേഖലകളിലും ഇസ്രായേൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഖാൻ യൂനിസിലെ അൽ നാസർ ആശുപത്രി നേരെ വീണ്ടും ആക്രമണമുണ്ടായതായി ഗസ്സ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
യു.എന്നിന്‍റെ ഭക്ഷ്യ വിതരണം നിർത്തിവെച്ചതോടെ ഗസ്സ മുനമ്പ് മരണമുനമ്പായി മാറി. അതിനിടെ ആശുപത്രികൾക്ക് നേരെ വീണ്ടും ഇസ്രായേലിന്‍റെ ആക്രമണമുണ്ടായി. മെഡിക്കൽ കോംപ്ലക്സിൽ നിന്ന് സൈനികർ പിൻവാങ്ങിയതായി ഇസ്രായേൽ സേന അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. യു.എന്‍ ഭക്ഷ്യ ഏജന്‍സിയുടെ ഗസ്സയിലേക്കുള്ള ഭക്ഷ്യവിതരണം പൂര്‍ണമായും നിർത്തിയതോടെ ഗസ്സ മരണമുനമ്പായി മാറിയെന്നും ആരോഗ്യവും മാനുഷിക സാഹചര്യവും വഷളാകുന്നുവെന്നും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.
വടക്കൻ ഗസ്സയിലെ ജനങ്ങൾക്ക് കഴിഞ്ഞ മൂന്നാഴ്ചയായി കഴിക്കാൻ കാലിത്തീറ്റ മാത്രമേയുള്ളൂവെന്ന് ഗസയുടെ സർക്കാർ മാധ്യമ മേധാവി അറിയിച്ചു. ചികിത്സാ കേന്ദ്രങ്ങൾ തകർക്കപ്പെടുന്നതും രോഗങ്ങൾ പടരുന്നതും സ്ഥിതി ഗുരുതരമാക്കിയെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസിസ് പറഞ്ഞു. ഇതിനിടെ ഇസ്രായേലിനെതിരെ പ്രത്യാക്രമണങ്ങൾ നടത്തിയതായി ഹമാസും അവകാശപ്പെട്ടു.
Read more :
അതേസമയം, ബന്ദിമോചനത്തിനാവശ്യമായ നടപിടി സ്വീകരിക്കണമെന്നവശ്യപ്പെട്ട് ഇസ്രായേലിൽ പ്രതിഷേധം തുടരുകയാണ്. ഇസ്രായേൽ- ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് ചൈന അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ആവശ്യപ്പെട്ടു. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അള്‍ജീരിയ അവതരിപ്പിച്ച പ്രമേയം യു.എസ്.എ വീറ്റോ ചെയ്തത് ഖേദകരമാണെന്ന് സൗദി അറേബ്യയും പ്രതികരിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക