ഹേഗ്: ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം തുടരുന്നു. ദക്ഷിണാഫ്രിക്കക്കുപുറമെ മൊഴി നൽകിയ അൽജീരിയ, സൗദി അറേബ്യ അടക്കം രാജ്യങ്ങൾ ഇസ്രായേലിനെതിരെ ഏറ്റവും കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
തങ്ങളുടെ രാജ്യത്ത് കഴിഞ്ഞ നൂറ്റാണ്ടിൽ കറുത്ത വർഗക്കാർക്കെതിരെ അരങ്ങേറിയ അപ്പാർത്തീഡിനേക്കാൾ ഭീകരമായ മനുഷ്യത്വരഹിതമായ വിവേചന നടപടികളാണ് ഇസ്രായേൽ തുടരുന്നതെന്ന് നെതർലൻഡ്സിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ വുസി മഡോൺസെല പറഞ്ഞു. ഗസ്സയിലുള്ളവരെ മനുഷ്യരായി കാണുന്നതിനുപകരം ഒഴിവാക്കിക്കളയേണ്ട വസ്തുക്കളായാണ് ഇസ്രായേൽ കണക്കാക്കുന്നതെന്ന് സൗദി അറേബ്യയുടെ പ്രതിനിധി പറഞ്ഞു. കഴിഞ്ഞ ദിവസം ഫലസ്തീൻ പ്രതിനിധിയും സമാന അഭിപ്രായം പങ്കുവെച്ചിരുന്നു. നെതർലൻഡ്സ്, ബംഗ്ലാദേശ് അടക്കം മറ്റു രാജ്യങ്ങളും ഇസ്രായേലിനെതിരെ മൊഴി നൽകി. ഇസ്രായേലി പാർലമെന്റംഗം രാജ്യാന്തര കോടതിയിലെ ദക്ഷിണാഫ്രിക്കൻ നീക്കത്തെ പിന്തുണച്ചിരുന്നു. ഇതിന്റെ പേരിൽ പാർലമെന്റിൽനിന്ന് അദ്ദേഹത്തെ പുറത്താക്കാൻ വോട്ടിങ് നടന്നെങ്കിലും 120 അംഗ സഭയിൽ ആവശ്യമായ 90 വോട്ട് ലഭിക്കാത്തതിനാൽ തള്ളപ്പെട്ടു.
നാലുമാസം പിന്നിട്ട ഗസ്സ വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 പിന്നിട്ടിട്ടുണ്ട്. മുനമ്പിൽ ഭക്ഷണം കിട്ടാതെ പിടഞ്ഞുവീഴുന്ന കുരുന്നുകളുടെ എണ്ണം കുത്തനെ ഉയരുകയാണെന്ന് കുട്ടികൾക്കായുള്ള യു.എൻ ഏജൻസി യുനിസെഫ് പറഞ്ഞു. ഇവിടെ 90 ശതമാനത്തിലേറെ കുട്ടികളും ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുകയാണ്. 70 ശതമാനത്തിലേറെ കുട്ടികളിലും വയറിളക്കമുണ്ട്. പകർച്ചവ്യാധികളും പിടിമുറുക്കുകയാണെന്ന് സംഘടന പറഞ്ഞു. ഇസ്രായേൽ ആശുപത്രികളെ ലക്ഷ്യമിടുകയാണെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചു. നൂറിലേറെ രോഗികളുള്ള ദക്ഷിണ ഗസ്സയിലെ ഏറ്റവും വലിയ ചികിത്സാകേന്ദ്രമായ നാസർ ആശുപത്രിയിൽ വൈദ്യുതിയും വെള്ളവും മുടക്കിയാണ് ഇസ്രായേൽ ക്രൂരത തുടരുന്നത്. നിരവധി ഡോക്ടർമാരും അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്.
വെടിനിർത്തൽ ചർച്ചകൾക്കായി ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ കൈറോയിലെത്തിയതായും റിപ്പോർട്ടുണ്ട്. ഇസ്രായേലിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ അദ്ദേഹത്തിന്റെ വസതിയിലേക്ക് മാർച്ചും നടന്നു. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
Read more :
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- രക്തരൂക്ഷിതമായ ചരിത്രം പറയുന്ന മാതൃഭാഷാ ദിനം; ഹിന്ദുത്വ ഭാഷാ ദേശീയതയുടെ കാലത്ത് ഫെബ്രുവരി 21ൻ്റെ പ്രസക്തി
- ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്
- കർഷകർ ‘ദില്ലി ചലോ’ മാർച്ചുമായി ഇന്നു വീണ്ടും മുന്നോട്ട്
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം