അര്‍ജന്റീനയ്ക്ക് പാരിസ് ഒളിമ്പിക്‌സ് യോഗ്യത: ബ്രസീല്‍ പുറത്ത്

 കരാക്കസ് (വെനസ്വേല): അര്‍ജന്റീനയോട് തോറ്റ് പാരിസ് ഒളിമ്പിക്‌സ് യോഗ്യത നേടാനാവാതെ ബ്രസീല്‍ പുറത്ത്. എതിരില്ലാത്ത ഒരു ഗോള്‍ ജയത്തോടെ അര്‍ജന്റീന പാരിസ് ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു. ലൂസിയാനോ ഗോണ്‍ഡുവോയുടെ ഗോള്‍വഴിയാണ് അര്‍ജന്റീന അണ്ടര്‍-23 ടീം വിജയപ്പടി കയറിയത്. യോഗ്യതയ്ക്ക് ഒരു സമനില മതിയെന്നിരിക്കെയാണ് ബ്രസീല്‍ തോറ്റ് പുറത്തായത്.

     ബോക്‌സിന് പുറത്തുനിന്ന് സഹതാരം വാലെന്റിന്‍ ബാര്‍സോ നല്‍കിയ ക്രോസ് ഉയര്‍ന്നു ചാടി ഹെഡ് ചെയ്താണ് ഗോണ്‍ഡുവോ ഗോള്‍ നേടിയത്. മത്സരത്തിന്റെ 78-ാം മിനിറ്റിലെ ഈ ഗോളോടെ ഹാവിയര്‍ മഷറാനോയുടെ കുട്ടികള്‍ ഒളിമ്പിക്‌സ് യോഗ്യത കൈവരിക്കുകയായിരുന്നു. വെനസ്വേലയിലെ കരാക്കസിലെ ബ്രിജിഡോ ഇറിയാര്‍ട്ടെ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.

      2016-ലെ റിയോ ഒളിമ്പിക്‌സിലും 2020-ലെ ടോക്യോ ഒളിമ്പിക്‌സിലും ബ്രസീല്‍ പുരുഷ ഫുട്‌ബോള്‍ ടീമിനായിരുന്നു സ്വര്‍ണം. തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക്‌സ് സ്വര്‍ണം ലക്ഷ്യമിട്ടായിരുന്നു ബ്രസീലിന്റെ നീക്കമെങ്കിലും അര്‍ജന്റീന വഴിമുടക്കി. കഴിഞ്ഞ നാല് ഒളിമ്പിക്‌സുകളിലും ബ്രസീലിന് മെഡല്‍ നേട്ടമുണ്ട്. 2004-നുശേഷം ഒളിമ്പിക്‌സ് യോഗ്യത നേടാതെയുമിരുന്നിട്ടില്ല. 

      അതേസമയം 2004, 2008 ഒളിമ്പിക്‌സുകളിലെ സ്വര്‍ണ മെഡല്‍ ജേതാക്കളായ അര്‍ജന്റീന, ഗ്രൂപ്പില്‍ അഞ്ച് പോയിന്റ് നേടിയാണ് പാരീസിലേക്ക് യോഗ്യത നേടിയത്. മൂന്ന് കളികളില്‍നിന്നാണ് ഈ നേട്ടം. ബ്രസീലിന് മൂന്ന് പോയിന്റ്. ഫൈനല്‍ ഗ്രൂപ്പില്‍നിന്ന് രണ്ട് ടീമുകള്‍ക്കാണ് ഒളിമ്പിക്‌സ് യോഗ്യത കിട്ടുക. വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച പരഗ്വായാണ് യോഗ്യത നേടിയ രണ്ടാമത്തെ ടീം.

Read also: വീണ്ടും എർലിങ് ഹാളണ്ടിന്റെ ഗോൾമഴപ്പെരുമഴ

 ഐ ലീഗ്: ഗോകുലം ഇന്ന് ലജോങ്ങിനെ നേരിടും

 കർഷകരുടെ ‘ ദില്ലി ചലോ’ മാർച്ച് നാളെ: ഡൽഹി അതിർത്തിയിൽ നിരോധനാജ്ഞ

വിചാരണ കോടതികളെ ‘കീഴ്‌കോടതി’കളെന്ന് വിശേഷിപ്പിക്കരുത് -സുപ്രീംകോടതി

 ഹൽദ്വാനി സംഘർഷവുമായി ബന്ധപ്പെട്ട് 25 പേർകൂടി അറസ്റ്റിൽ

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക