തുടർച്ചയായ രണ്ടാംദിനവും യമനില്‍ ആക്രമണം നടത്തി അമേരിക്ക. സൻആയിലെ നിരീക്ഷണ റഡാറുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് യു.എസ് സേന അറിയിച്ചു. സൻആയിലെ വ്യോമതാവളത്തിനുനേരെയും തീരദേശ നഗരമായ ഹൊദൈദയിലും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
സൻആയില്‍ അമേരിക്ക ഇന്ന് നടത്തിയ ആക്രമണത്തില്‍ ആളപായമോ നാശനാഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഹൂതി ഡെപ്യൂട്ടി ഇൻഫര്‍മേഷൻ സെക്രട്ടറി നസ്രെദ്ദീൻ അമീര്‍ പറഞ്ഞു. ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം തുടരുമെന്നും ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാം അറിയിച്ചു.
ചെങ്കടലില്‍ ചരക്കുകപ്പലുകള്‍ക്കുനേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തില്‍ സംയുക്ത ആക്രമണം നടത്തുന്നത്. ഹൂതികളുടെ കമാൻഡ് സെന്ററുകള്‍, ആയുധ ഡിപ്പോകള്‍, വ്യോമപ്രതിരോധ സംവിധാനം തുടങ്ങിയ 16 കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ അഞ്ച് ഹൂതി വിമതര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
യു.എസ് പതാക വഹിക്കുന്ന കപ്പലുകളോട് ചെങ്കടലില്‍നിന്ന് വിട്ടുനില്‍ക്കാൻ പെന്റഗണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യമനിലെ ആക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില രണ്ട് ശതമാനം ഉയര്‍ന്നു. യുദ്ധം എണ്ണവിലയെ ബാധിക്കുന്നതില്‍ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആശങ്ക അറിയിച്ചു.
അതേ സമയം ഗസ്സയില്‍ ഇസ്രായേല്‍ കടുത്ത ആക്രമണം തുടരുകയാണ്. ഗസ്സ സിറ്റിയിലെ ദറാജിലുണ്ടായ ആക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ടു.തെക്കൻ ഗസ്സയിലെ റഫയിലെ ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അല്‍ അഖ്സ ആശുപത്രി പരിസരത്തും ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുകയാണ്. ആശുപത്രിയിലെ ഇന്ധനം ഇന്ധനം തീര്‍ന്നതിനാല്‍ ഇൻക്യുബേറ്ററില്‍ കഴിയുന്ന കുഞ്ഞുങ്ങളുടെ ജീവനടക്കം അപകടത്തിലാണ്. വെസ്റ്റ് ബാങ്കില്‍ മൂന്ന് കൗമാരക്കാരെ ഇസ്രായേലി കൈയേറ്റക്കാര്‍ വെടിവെച്ചുകൊന്നു. ബൈഡൻ ഭരണകൂടം ഗസ്സയിലെ യുദ്ധം കൈകാര്യം ചെയ്യുന്ന രീതിയില്‍ പ്രതിഷേധിച്ച് 22 ഏജൻസികളുടെ ഫെഡറല്‍ ജീവനക്കാര്‍ ഈ ചൊവ്വാഴ്ച ജോലിയില്‍നിന്ന് പിരിയാൻ തീരുമാനിച്ചിട്ടുണ്ട്.