ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യുന്നതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു നാലാം തവണയും നോട്ടിസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജനുവരി 18ന് അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ മൂന്നു തവണ സമൻസ് അയച്ചിട്ടും കേജ്രിവാൾ ഹാജരായിരുന്നില്ല. നവംബർ 2, ഡിസംബർ 21, ജനുവരി 3 എന്നീ തീയതികളിലാണു കേജ്രിവാൾ ഹാജരാകണമെന്നു മുൻപ് ഇഡി ആവശ്യപ്പെട്ടിരുന്നത്.
കേസുമായി ബന്ധപ്പെട്ട് കേജ്രിവാളിനെ ഏപ്രിലിൽ സിബിഐ ചോദ്യം ചെയ്തിരുന്നുവെങ്കിലും പ്രതി ചേർത്തിരുന്നില്ല. ഇഡി ആദ്യ സമൻസ് അയച്ചത് മുതൽ, ചോദ്യം ചെയ്യലിനുശേഷം അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
അരവിന്ദ് കേജ്രിവാൾ തന്നെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തന്നെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുകയാണെന്ന് ആരോപിച്ച് രംഗത്തെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ പ്രചാരണം നടത്തുന്നത് തടയുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും എഎപി ദേശീയ കൺവീനർ കൂടിയായ കേജ്രിവാൾ കുറ്റപ്പെടുത്തി.