ഭാര്യയെ ചിരവയ്ക്ക് തലയ്ക്ക് അടിച്ചും ഷാൾ കൊണ്ട് കഴുത്തു ഞെരിച്ചും കൊന്ന കേസിലെ പ്രതി ശാസ്താംകോട്ട,രാജഗിരി അനിതാഭവനിൽ ആഷ്ലി സോളമൻ (50) ന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ ഒടുക്കാത്ത പക്ഷം രണ്ട് വർഷം അധിക കഠിനതടവും വിധിച്ചു. പ്രതിയുടെയും അനിത സ്റ്റീഫന്റെയും മക്കളുടെ പുനരധിവാസത്തിന് അവശ്യമായ നിർദ്ദേശം ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നൽകി. കൊല്ലം അഡീഷണൽ സെക്ഷൻസ് ജഡ്ജ് ബിന്ദു സുധാകരന്റേതാണ് വിധി. പ്രതി ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറും കേസിനെ തുടർന്ന് സസ്പെൻഷനിൽ കഴിഞ്ഞുവരികയുമാണ്.
09.10.2018 നായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയും സർക്കാർ സ്കൂൾ അദ്ധ്യാപികയുമായ അനിതാ സ്റ്റീഫന് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച പ്രതി ഭാര്യയെ വീട്ടുതടങ്കലിൽ പാർപ്പിക്കുകയും അതിനെതിരെ അനിതയുടെ പുരുഷ സുഹൃത്ത് കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ബോധിപ്പിക്കുകയും ചെയ്തിരുന്നു. സംഭവദിവസം കേസ് പരിഗണിച്ച ഹൈക്കോടതി അനിതയെ ഹൈക്കോടതി മുമ്പാകെ ഹാജരാക്കാൻ ഉത്തരവായിരുന്നു. അന്നേ ദിവസം ഉച്ചക്ക് 1 നും 1.30 നും ഇടക്കുള്ള സമയം വീട്ടിൽ മറ്റാരുമില്ലാതിരുന്നപ്പോൾ വീടിന്റെ ഹാൾ മുറിയിൽ വച്ച് പ്രതി ഭാര്യയെ ചിരവയ്ക്ക് തലയ്ക്ക് അടിച്ചു വീഴ്ത്തുകയും ചോരവാർന്നു കിടന്ന അനിതയുടെ മരണം ഉറപ്പാക്കാനായി ചുരുദാറിന്റെ ഷാൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊല്ലുകയും ആയിരുന്നു. കൃത്യത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ 3-ാം ദിവസമാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്യുന്നത്. ദൃക്സാക്ഷികൾ ആരും ഇല്ലാതിരുന്ന കേസിൽ സാഹചര്യതെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
സംഭവദിവസം ഉച്ചയ്ക്ക് 1 മണിക്ക് കുട്ടികൾക്ക് സ്കൂളിൽ ഉച്ചഭക്ഷണം നൽകാനായി പോയ അനിതയുടെ പിതാവ് സ്റ്റീഫൻ 3 മണിക്ക് മടങ്ങുവരുമ്പോൾ മകൾ രക്തത്തിൽ കുളിച്ച് മരിച്ചുകിടക്കുന്നതാണ് കണ്ടത്. ചിരവയ്ക്ക് അടിച്ച സമയം ചിരവയുടെ നാക്ക് തട്ടി പ്രതിയുടെ വലതു കൈക്ക് മുറിവേറ്റിരുന്നു. ചിരവയുടെ നാക്കിലും കൃത്യത്തിനുപയോഗിച്ച ഷാളിലും പ്രതിയുടെയും കൊല്ലപ്പെട്ട അനിതയുടെയും രക്തം കണ്ടെത്താനായതാണ് പ്രതിക്കെതിരെ ശക്തമായ തെളിവായി മാറിയത്.
പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 22 സാക്ഷികളെ വിസ്തരിക്കുകയും 37 രേഖകളും ചിരവയും ഷാളുമടക്കം 8 തൊണ്ടി മുതലുകളും ഹാജരാക്കിയിരുന്നു. ശാസ്താംകോട്ട പോലീസ് ഇൻസ്പെക്ടർ ആയിരുന്ന വി.എസ്.പ്രശാന്ത് അന്വേഷണം നടത്തി ചാർജ്ജ് ഷീറ്റ് സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ.മനോജ് ഹാജരായി.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം