തിരുവനന്തപുരം: പീഡനകേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാന്‍ നടപടി ആരംഭിച്ചു. എംഎൽഎയായതിനാൽ തുടർ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നിയമസഭ സ്പീക്കർക്ക് കത്തു നൽകി. അനുമതി ലഭിച്ചാലുടൻ മൊബൈൽ നമ്പരുകൾ നിരീക്ഷണത്തിലാക്കും.
ചൊവ്വാഴ്ച മുതൽ എംഎൽഎ ഒളിവിലാണ്.എംഎൽഎ ഹോസ്റ്റൽ ഉൾപ്പെടെ എൽദോസ് കുന്നപ്പിള്ളി എത്താൻ സാധ്യതയുള്ള സ്ഥലങ്ങളും നിരീക്ഷണത്തിലാക്കും. എംഎൽഎ ആയതിനാൽ അധികനാൾ ഒളിവിൽ കഴിയില്ലെന്നാണ് വിലയിരുത്തൽ. അതിനാൽ നാളത്തെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി തീരുമാനം കൂടി അറിഞ്ഞശേഷമാവും തുടർ നടപടി. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും തുടങ്ങി.
സ്ത്രീയെ തട്ടിക്കൊണ്ടുപോയി മർദിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കോവളം പൊലീസ് എൽദോസിനെതിരെ നേരത്തേ കേസ് റജിസ്റ്റർ ചെയ്തത്. എംഎൽഎ തന്നെ പലയിടങ്ങളിൽ വച്ചു ലൈംഗികമായി പീഡിപ്പിച്ചതായി കൂടി യുവതി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടിച്ചട്ടത്തിലെ 376(2)(എൻ) വകുപ്പു കൂടി ഉൾപ്പെടുത്തി.