ഗായകന്‍ ജസ്റ്റിന്‍ ബീബറിനു ബാധിച്ച റാംസി ഹണ്ട് സിന്‍ഡ്രോം എന്ന രോഗാവസ്ഥ എന്താണ്?
റാംസി ഹണ്ട് സിന്‍ഡ്രോം എന്നത് മുഖത്തെ ഒരു ഭാഗത്തെ ഭാഗികമായി ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. ഈ അവസ്ഥ ബാധിക്കുന്നത് ചെവിയിലൂടെ ഉണ്ടാവുന്ന അണുബാധ വഴിയാണ്. ഇത് ചില അവസ്ഥകളില്‍ കേള്‍വിക്കുറവിലേക്കും നയിക്കുന്നു. മുഖത്തെ ഒരുഭാഗത്തെ ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. അതിന്റെ ഫലമായി കണ്ണ് ചിമ്മാനോ ചിരിക്കാനോ മൂക്ക് ചലിപ്പിക്കാനോ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു.
രോഗലക്ഷണങ്ങള്‍
ഈ രോഗത്തിന്റെ ആദ്യ ലക്ഷണം എന്ന് പറയുന്നത് മുഖത്തിന്റെ ഒരു ഭാഗത്തുണ്ടാവുന്ന തളര്‍ച്ചയാണ്. തളര്‍വാതം ബലഹീനത പോലുള്ള പ്രശ്‌നങ്ങള്‍ ഇവരെ ബാധിക്കുന്നു. പലപ്പോഴും ഭക്ഷണം കഴിക്കുന്നതിലും ചിരിക്കാനോ കരയാനോ പോലും പറ്റാത്ത അവസ്ഥയിലേക്കും ഇത് എത്തിക്കുന്നു. കൂടാതെ കണ്ണടക്കുന്നതിലും മൂക്ക് അനക്കുന്നതില്‍ പോലും തടസ്സം ഉണ്ടാവുന്നു. കണ്ണടക്കുന്നതിന് വളരെ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. രോഗലക്ഷണങ്ങള്‍ ഇത് പിന്നീട് ചെവിയിലേക്കും പിന്നീട് നാവിലേക്കും പിന്നീട് വായുടെ ഉള്‍ഭാഗത്തേക്കും വ്യാപിക്കുന്നു. ചെവിയില്‍ അതികഠിനമായ വേദന അനുഭവപ്പെടുകയും തലകറക്കം പോലുള്ള അവസ്ഥകളും ഉണ്ടാവുന്നു. എന്നാല്‍ അപൂര്‍വ്വമായെങ്കിലും ഈ അവസ്ഥയില്‍ പലപ്പോഴും കണ്ണുകളും വായയും വരണ്ടിരിക്കുകയും രുചി നഷ്ടമാവുന്ന അവസ്ഥയിലേക്ക് പോലും എത്തിക്കുകയയും ചെയ്യുന്നുണ്ട്. ചെവിയിലൂടെ ബാധിക്കുന്ന ഒരു വൈറസ് രോഗബാധയാണ് ഇത്. ചെവിക്ക് സമീപമുള്ള നാഡികളെയാണ് ഇത് ആദ്യം ബാധിക്കുന്നത്.
രോഗനിര്‍ണയം
റാംസി ഹണ്ട് സിന്‍ഡ്രോം എന്ന രോഗാവസ്ഥ മനസ്സിലാക്കാന്‍ ആരോഗ്യ വിദഗ്ധര്‍ വാരിസെല്ല-സോസ്റ്റര്‍ വൈറസിനുള്ള രക്തപരിശോധന, തലയുടെ എംആര്‍ഐ, ചില ചര്‍മ്മ പരിശോധനകള്‍ എന്നിവയാണ് നടത്തുന്നത്. കാരണം രോഗാവസ്ഥക്ക് കാരണമാകുന്ന വൈറസുകള്‍ പലപ്പോഴും ചിക്കന്‍പോക്‌സിനും ഷിംഗിള്‍സിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ടെസ്റ്റ് നടത്തിയാല്‍ രോഗം നിര്‍ണയിക്കാന്‍ സാധിക്കുന്നു.
നട്ടെല്ലിലും ചില പരിശോധനകള്‍ നടത്താറുണ്ട്. പക്ഷേ ഇത് വളരെ അപൂര്‍വ്വമായാണ് ചെയ്യുന്നത്. ടെസ്റ്റ് നടത്തുന്നതിന് വേണ്ടി സെറിബ്രോസ്‌പൈനല്‍ ദ്രാവകം ശേഖരിക്കുകയും സുഷുംമ്‌നാ ഭാഗത്ത് നിന്നാണ് ഇത് ശേഖരിക്കുകയും ചെയ്യുന്നത്. രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നു. കോര്‍ണിയയ്ക്ക് പരിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഐ പാച്ചുകള്‍ ധരിക്കുന്നതിനും നിര്‍ദ്ദേശിക്കുന്നുണ്ട്.
















