തൃശ്ശൂർ: പുകയില ഉപയോഗം നിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ആരോഗ്യവകുപ്പ് സഹായിക്കും. മദ്യത്തിന്റെ കാര്യത്തിൽ കുടിക്കുന്നവർക്കാണ് ആരോഗ്യപ്രശ്‌നങ്ങളെങ്കിൽ പുക വലിക്കുന്നവനും ശ്വസിക്കുന്നവനും ഒരുപോലെ ആപത്താണ്. ലോക പുകയിലരഹിത ദിനമായ ചൊവ്വാഴ്ച മുതൽ ജൂൺ 13 വരെ ബോധവത്കരണ പരിപാടികൾ നടത്തുകയാണ് ആരോഗ്യവകുപ്പ്.
സംസ്ഥാനത്ത് ആദ്യമായി ജില്ലയിലെ 25 ആരോഗ്യ ഉപകേന്ദ്രങ്ങളിൽ പുകവലി നിവാരണ ക്ലിനിക്കായ ‘ബ്രേക്ക് ഓഫ് ക്ലിനിക്’ തുടങ്ങുകയാണ്. ഒരു ക്ലിനിക് മുഖേന നാലു പുകവലിക്കാരെ ഒരു വർഷത്തിനുള്ളിൽ മുക്തരാക്കുകയാണ് ലക്ഷ്യം. ഈ വർഷം അവസാനത്തോടെ ജില്ലയിൽ 100 ക്ലിനിക്കുകൾ ആരംഭിക്കും. കൗൺസിലിങ്, നിക്കോട്ടിന് ബദൽ എന്നീ സേവനങ്ങൾ നൽകും. മരുന്ന് ആവശ്യമുള്ളവർക്ക് ആരോഗ്യകേന്ദ്രങ്ങളുടെ സഹായത്തോടെ ലഭ്യമാക്കുന്നതായിരിക്കും.
















