സ്ത്രീകളിൽ സാധാരണയായി കാണുന്ന ഒരു അസുഖമാണ് പിസിഒഡി. ഇതൊരു ജീവിതശൈലീരോഗമാണ്. ശരീരത്തിലെ കോശങ്ങൾ ശരീരം ഉൽപാദിപ്പിക്കുന്ന ഇൻസുലിനോട് പ്രതികരിക്കാതെ ഇരിക്കുമ്പോൾ തുടർന്നുണ്ടാകുന്ന ഹോർമോണൽ വ്യതിയാനങ്ങളാണ് പിസിഒഡിക്ക് കാരണം.ആർത്തവത്തിന്റെ തുടക്കം മുതൽ ആർത്തവവിരാമം വരെ ഏതു പ്രായത്തിലുള്ള സ്ത്രീകളിലും ഇത് ഉണ്ടാകാം . ക്രമരഹിതമായ ആർത്തവചക്രം ശരീരത്തിലെ അമിതമായ രോമവളർച്ച, തലമുടി കൊഴിച്ചിൽ, മുഖക്കുരു, പൊണ്ണത്തടി, വന്ധ്യത എന്നിവയാണ് ഇതിന്റെ ചില ലക്ഷണങ്ങൾ.
ശരീരത്തിലെ പല അവയവങ്ങളെയും ഇത് ബാധിക്കാം. ഈ അവസ്ഥമൂലം ഓവുലേഷൻ കൃത്യമായി നടക്കാതിരിക്കുകയും വന്ധ്യതയിലേക്കു കൊണ്ടെത്തിക്കുകയും ചെയ്തേക്കാം. പിസിഒഡി ഉള്ളവർക്ക് ഭാവിയിൽ ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം, ഗർഭാശയത്തിലെ കാൻസർ എന്നീ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കൃത്യമായ ചികിത്സയിലൂടെ ഭേദപ്പെടുത്തിയെടുക്കാൻ കഴിയും . വ്യായാമത്തിലൂടെയും ക്രമീകൃത ആഹാരത്തിലൂടെയും അമിതവണ്ണം കുറയ്ക്കുക. എങ്കിലും ഓരോരുത്തരുടെയും അവസ്ഥ അനുസരിച്ചാണ് ചികിത്സ തേടുക.
ചികിത്സക്ക് അനുസരിച്ച് വ്യായാമം ചെയ്യുകയും ഭക്ഷണം ക്രമീകരിക്കുകയും ചെയ്യുക . ഇൻസുലിൻ പ്രവർത്തനം കൃത്യമാകാനുള്ള മരുന്ന്,അണ്ഡോൽപാദനം നടക്കാനുള്ള മരുന്ന് എന്നിവ ഉപയോഗിക്കുകയും വേണം. ഇതൊന്നും ശരിയായില്ലെങ്കിൽ കീഹോൾ ശസ്ത്രക്രിയ നടത്തണം.
















