ന്യൂഡൽഹി: യുക്രെയ്നിലെ കാർക്കീവിൽ റഷ്യൻ അതിർത്തിയിലേക്ക് ദൗത്യസംഘത്തെ അയച്ച് ഇന്ത്യ. വിദേശകാര്യസെക്രട്ടറി ഹര്ഷ്വര്ധന് ശൃംഗ്ലയാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയുമായി ചേർന്നുകിടക്കുന്ന കാർക്കീവിലെ അതിർത്തിയിലേക്ക് സംഘത്തെ അയച്ചെന്ന് അദ്ദേഹം പറഞ്ഞു.
യുക്രൈനില്‍നിന്ന് സമീപരാജ്യങ്ങളിലേക്കെത്തി ചേര്‍ന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ അടുത്ത മൂന്നുദിവസം 26 വിമാനസര്‍വീസുകള്‍ നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
വ്യോമസേന വിമാനം നാളെ രാവിലെ റൊമാനിയയിലേക്ക് പോകും. ഫ്രഞ്ച് പ്രസിഡൻറുമായും പോളണ്ട് പ്രസിഡൻറുമായും പ്രധാനമന്ത്രി സംസാരിച്ചു. കാർഖീവിലും സുമിയിലുമായി 4000 പേരുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി. റഷ്യൻ അതിർത്തിയിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ എത്തിയെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ച സമയത്ത് ഇരുപതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുക്രൈനില്‍ ഉണ്ടായിരുന്നെന്നാണ് കണക്കാക്കിയിരുന്നത്. ഇതില്‍ ഏകദേശം 12,000 പേര് അതായത് അറുപതു ശതമാനം പേര് മടങ്ങിയെത്തിയെന്നും ശൃംഗ്ള കൂട്ടിച്ചേര്‍ത്തു. ബാക്കിയുള്ള നാല്‍പ്പതു ശതമാനം പേരില്‍, പകുതിയാളുകള്‍ ഖര്‍ക്കീവ്, സുമി മേഖലയിലാണ്. ബാക്കിയുള്ള പകുതിപ്പേര്‍ യുക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെത്തിച്ചേരുകയോ അല്ലെങ്കില്‍ അവിടേക്കുള്ള യാത്രയിലോ ആണ്. പൊതുവില്‍ അവര്‍ സംഘര്‍ഷമേഖലയ്ക്കു പുറത്താണുള്ളത്- അദ്ദേഹം പറഞ്ഞു.
യുക്രൈനിൽ കൊല്ലപ്പെട്ട നവീനിൻറെ മൃതദേഹം മെഡിക്കൽ സർവ്വകലാശാലയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൃതദേഹം തിരിച്ചെത്തിക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
അതേസമയം യുദ്ധം അവസാനിപ്പിക്കാൻ ചൈനയുടെ ഇടപെടൽ തേടിയിരിക്കുകയാണ് യുക്രൈൻ. ചൈനയുടെ നയതന്ത്ര ബന്ധം യുദ്ധം അവസാനിപ്പിക്കാൻ ഉപയോഗിക്കണമെന്നാണ് ആവശ്യം. മറുഭാഗത്ത് യുക്രൈൻ നഗരങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള മുന്നറിയിപ്പ് ആവർത്തിച്ച് നൽകുകയാണ് റഷ്യ. മരിയോപോളിൽ ഉള്ളവർ നാളെയോടെ നഗരം വിടണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നഗരത്തിനു പുറത്തുകടക്കാൻ രണ്ട് പാതകൾ റഷ്യ നിർദ്ദേശിച്ചിട്ടുണ്ട്. ഇവ ഉപയോഗപ്പെടുത്താനാവുക നാളെ വരെ മാത്രമെന്നും മുന്നറിയിപ്പിൽ പറയുന്നു.