ഡൽഹി: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്ക് പ്രഖ്യാപിച്ചിരുന്ന വിലക്ക് നീട്ടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഉത്തരവിറക്കിയത്. ഡിജിസിഎ അംഗീകരിച്ചിട്ടുള്ള അന്താരാഷ്ട്ര കാർഗോ പ്രവർത്തനങ്ങൾക്കും മറ്റ് വിമാനങ്ങൾക്കും നിയന്ത്രണം ബാധകമല്ല. ഇന്ത്യയുമായി എയർ ബബിൾ കരാറിലേർപ്പെട്ട രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ തുടരുമെന്ന് ഡിജിസിഎ വ്യക്തമാക്കി.
2020 മാർച്ച് 20 നാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. പിന്നീട് വിദേശത്ത് കുടുങ്ങിക്കിടന്നവരെ രാജ്യത്ത് എത്തിക്കാൻ പ്രത്യേക സർവീസുകൾ ആരംഭിച്ചെങ്കിലും അന്താരാഷ്ട്ര വിമാന സർവീസിനുള്ള നിയന്ത്രണം തുടരുകയായിരുന്നു.