ഡൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ ഗംഗ മിഷന്റെ ഭാഗമായി രണ്ട് വിമാനങ്ങൾ കൂടി ഡൽഹിയിലെത്തി. ബുഡാപെസ്റ്റിൽ നിന്നും ബുക്കാറെസ്റ്റിൽ നിന്നുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങളാണ് ഡൽഹിയിൽ എത്തിയത്. രണ്ടിലുമായി 434 പേർ സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിലേക്ക് എത്തി. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇതുവരെ 9 വിമാനങ്ങളിലായി 2212 ഇന്ത്യാക്കാരെയാണ് തിരികെ എത്തിക്കാനായത്.
യുക്രൈനിലെ സാഹചര്യങ്ങൾ കൂടുതൽ ഗുരുതരമാകുന്ന സാഹചര്യത്തിൽ മിഷന്റെ ഭാഗമാകാൻ വ്യോമസേനാ വിമാനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകി. സ്വകാര്യ വിമാനങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യൻ വ്യോമസേനയും ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുന്നത്. നാല് സി 17 വിമാനങ്ങൾ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകും.