തിരുവനന്തപുരം: കാസര്‍ഗോട്ടെ സിപിഎം ജില്ലാ സമ്മേളനം അവസാനിപ്പിച്ചത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്നും എന്നാല്‍ ഈ ഉത്തരവ് തൃശൂരില്‍ ബാധകമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോടതി ഉത്തരവ് സിപിഎമ്മിന്റെ ഭാഗം കേള്‍ക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.
വിലക്കിനെ തുടര്‍ന്ന് വെള്ളിയാഴ്ച ആരംഭിച്ച കാസര്‍കോട് ജില്ലാ സമ്മേളനം ചുരുക്കി വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. അതേസമയം തൃശൂരിലും ഇന്നാണ് സിപിഎം ജില്ലാ സമ്മേളനം ആരംഭിച്ചത്. ഇത് ശനിയാഴ്ച അഞ്ചു മണിയോടെ അവസാനിപ്പിക്കുമെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ മൂന്ന് ദിവസത്തെ സമ്മേളനം രണ്ട് ദിവസമാക്കി ചുരുക്കുകയായിരുന്നു.
ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ കാര്യം പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു. ഈ മാസം 28 മുതല്‍ 30 വരെയാണ് ആലപ്പുഴ ജില്ലാ സമ്മേളനം. തൃശൂരിൽ ഇന്നാണ് സിപിഎം ജില്ലാ സമ്മേളനം ആരംഭിച്ചത്. സമ്മേളനം ശനിയാഴ്ച അഞ്ചോടെ അവസാനിപ്പിക്കുമെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കാസര്‍കോട് ജില്ലയില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ ഹൈക്കോടതി വിലക്കിയത്. ഒരാഴ്ചത്തേക്കാണ് ഉത്തരവിന് പ്രാബല്യം. റിപ്പബ്ലിക് ദിനാഘോഷത്തില്‍ പോലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേനങ്ങള്‍ക്ക് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു.

















