മസ്‍കത്ത്: ഒമാനിൽ ഇതുവെര കൊവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദം (Omicron varient) 16 പേരിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ (Ministry of Health) ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. രാജ്യത്ത് ഒമിക്രോൺ സംശയിക്കപ്പെടുന്ന 90 പേർ കൂടി ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് സർവൈലൻസ് ആന്റ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറൽ (Director General of Disease Surveillance and Control) ഡോ. സൈഫ് ബിൻ സലീം അൽ അബ്‍രി പറഞ്ഞു.
തിങ്കളാഴ്‍ച ഒമാൻ സുപ്രീം കമ്മിറ്റിയുടെ വാർത്താ സമ്മേളനത്തിൽ വെച്ചാണ് രാജ്യത്തെ ഇപ്പോഴത്തെ ഒമിക്രോൺ സാഹചര്യം അധികൃതർ വിശദമാക്കിയത്. രോഗബാധ സംശയിക്കപ്പെടുന്നവരുടെ സാമ്പിളുകൾ ജെനിറ്റിങ് സീക്വൻസിങ് പരിശോധനയ്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം രോഗം ഒമിക്രോൺ സ്ഥിരീകരിച്ചവരെല്ലാം വാക്സിനെടുത്തവരാണ്. എല്ലാവരും നല്ല ആരോഗ്യ സ്ഥിതിയിലാണുള്ളത്. ഇവർക്ക് വളരെ നിസാരമായ രോഗ ലക്ഷണങ്ങൾ മാത്രമേ ഉള്ളൂവെന്നും അത് ഏറെ ആശ്വാസകരമാണെന്നും ഡോ. സൈഫ് ബിൻ സലീം അൽ അബ്‍രി പറഞ്ഞു.
















