എറണാകുളം: മെത്രാന്മാർക്ക് ഏകീകൃത രീതിയനുസരിച്ച് കുർബാന അർപ്പിക്കാൻ സൗകര്യമൊരുക്കാൻ ആകില്ലെന്ന് ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ. ഇക്കാര്യം വ്യക്തമാക്കി കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് കത്തയച്ചു. എറണാകുളം അങ്കമാലി അതിരൂപതയിൽ നിലവിലുള്ള കുർബാന രീതി തുടരുന്നതാണ് ഉചിതമെന്നും മാർ കരിയിൽ വ്യക്തമാക്കി.
സീറോ മലബാർ സഭയിലെ എല്ലാ രൂപതകളിലും പുതുക്കിയ കുർബാന രീതി നടപ്പാക്കണമെന്നും എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പ്രത്യേക ഇളവ് നൽകിയിട്ടില്ലെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. കുർബാനക്രമ ഏകീകരണം നടപ്പാക്കുന്നതിൽ നിന്ന് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഇളവ് നൽകിയെന്ന കാര്യം മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ നേരത്തെ അറിയിച്ചത്.
ജനാഭിമുഖ കുർബാന തുടരാമെന്ന് മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ വൈദീകർക്ക് നിർദ്ദേശം നൽകി. മാർപാപ്പയുടെ അനുമതിയോടെയാണ് ഇളവ് അനുവദിച്ചതെന്ന് മാർ ആൻറണി കരിയിൽ അറിയിച്ചു. എന്നാൽ വത്തിക്കാനിൽ നിന്ന് ഇളവ് നൽകിയിട്ടില്ലെന്നാണ് കർദിനാൾ നൽകുന്ന വിശദീകരണം. വ്യക്തിപരമായ താൽപര്യം മാറ്റിവച്ച് സിനഡ് തീരുമാനം നടപ്പാക്കാൻ എല്ലാവരും തയ്യാറാകണമെന്നും കർദിനാൾ അന്ന് അറിയിച്ചിരുന്നു. എല്ലാ രൂപതകളിലും നവംബർ 28 മുതൽ ഏകീകൃത കുർബാനക്രമം നടപ്പാക്കി തുടങ്ങി.

















